Join News @ Iritty Whats App Group

'കണ്ണൂര്‍ എന്ന് കേട്ടാല്‍ എന്താണ് ഒരു വല്ലാത്ത നില വരുന്നത്; അത് കേരളത്തിന്റെ ഭാഗമല്ലേ?'; യു ഡി എഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി

'കണ്ണൂര്‍ എന്ന് കേട്ടാല്‍ എന്താണ് ഒരു വല്ലാത്ത നില വരുന്നത്; അത് കേരളത്തിന്റെ ഭാഗമല്ലേ?'; യു ഡി എഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി


കണ്ണൂര്‍ | കണ്ണൂരിലെ സി പി എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ യു ഡി എഫ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ആര്‍ എസ് എസ് അജണ്ട നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ തൊട്ട് ഓരോ വിഷയത്തിലും ഇത് വ്യക്തമാണ്. യുവാക്കളെ കാവിവത്കരിക്കാന്‍ വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കമെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ സി പി എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തെ അമ്പരിപ്പിച്ചെങ്കിലും പാര്‍ട്ടി നല്ല രീതിയില്‍ തന്നെ ജനവിശ്വാസം തിരിച്ചുപിടിച്ചിരിക്കുകയാണ്. ഞങ്ങളെ അങ്ങനെ എഴുതി തള്ളാന്‍ സാധിക്കില്ല. രാജ്യത്താകെ സുപ്രധാന പങ്ക് നിര്‍വഹിച്ചാണ് സി പി എം മുന്നോട്ട് പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വ്യത്യസ്ത അഭിപ്രായം പറയാനുള്ള സ്വാതന്ത്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ആര്‍ എസ് എസ് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമേ രാജ്യത്ത് നടക്കൂവെന്നാണ് ബി ജെ പിയുടെ നിലപാട്. അതിനെതിരെ വന്‍ ജനവികാരമുയരുന്നു എന്നതിന് ഉദാഹരണമാണ് രാജ്യത്താകെ നടക്കുന്ന വമ്പിച്ച പ്രക്ഷോഭം.

കിഫ്ബിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചും പിണറായി പ്രതികരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് കിഫ്ബി പണം ചെലവഴിച്ചതെന്നാണ് പറയുന്നത്. ഒരു പദ്ധതി വരുമ്പോള്‍ ഏതെങ്കിലും ഒരു പ്രദേശത്ത് എന്ന് ആരെങ്കിലും പറയുമോ. വിമാനത്താവളത്തിനും തുറമുഖത്തിനും അടുത്ത് വികസന പ്രവര്‍ത്തനത്തിന് സ്ഥലം ഏറ്റെടുക്കുക എന്നത് പ്രധാനമാണ്. കണ്ണൂരിലാണ് ആവശ്യമായ സ്ഥലം ലഭ്യമായിരുന്നത്. വരും വര്‍ഷങ്ങളിലെ വികസനം കൂടി ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുത്തതെന്നു സംസ്ഥാന വികസനത്തിന് എടുത്ത നടപടികളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പിണറായി വ്യക്തമാക്കി.

കണ്ണൂര്‍ എന്ന് കേട്ടാല്‍ എന്താണ് ഒരു വല്ലാത്ത നില വരുന്നത്. കണ്ണൂര്‍ എന്താ കേരളത്തിന്റെ ഭാഗമല്ലേ? ഒരു സര്‍ക്കാരിന് ചേര്‍ന്നതാണോ ഈ നിലപാട്. ഇന്നത്തെ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെ മണ്ഡലങ്ങളില്‍ കിഫ്ബി പദ്ധതി വന്നില്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group