കുത്തേറ്റും കോക്പിറ്റ് വിട്ടില്ല; 174 ജീവനുകൾക്ക് കാവലായി ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ലോകത്തിന്റെ കൈയടി
സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും വിമാനം സുരക്ഷിതമായി നിയന്ത്രിച്ച് അടിയന്തര ലാൻഡിംഗിന് വഴിയൊരുക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ലോകത്തിന്റെ അഭിനന്ദനം. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് ബുധനാഴ്ച അപ്രതീക്ഷിതമായി കോക്പിറ്റിനുള്ളിൽ സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അറിയിച്ചു.
വിമാനം ഏകദേശം 33,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റൻ മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ചെന്നും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചെന്നുമാണ് ഇസ്രയേൽ അധികൃതരുടെ ആരോപണം. സംഘർഷത്തിനിടെ വിമാനം അതിവേഗം താഴേക്ക് പതിക്കുകയും ഏകദേശം 14,000 അടി ഉയരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഷ്ടപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മച്ചാർ കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതോടെയാണ് യാത്രക്കാരും ജീവനക്കാരും അകത്ത് എത്തി ആക്രമിയെ കീഴടക്കാൻ സഹായിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന അധിക പരിശീലന പൈലറ്റുമാരും ജീവനക്കാരും യാത്രക്കാരും ചേർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. വിമാനം തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ മച്ചാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സൗദിയിലെ ഇന്ത്യൻ എംബസി അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. നിലവിൽ മച്ചാർ സ്ഥിരതയുള്ള നിലയിലാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ കൃത്യമായ കാരണവും ആക്രമണത്തിന്റെ ലക്ഷ്യവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
മുംബൈ സ്വദേശിയായ സ്മിത് മച്ചാർ 2022 ജൂണിലാണ് ഫ്ലൈദുബായിൽ ക്യാപ്റ്റനായി ചുമതലയേറ്റത്. അതിന് മുമ്പ് ഏകദേശം 11 വർഷം സ്പൈസ്‌ജെറ്റിൽ സേവനമനുഷ്ഠിച്ചിരുന്നു. ബോയിങ് 737-800, 737 MAX 8/9 വിമാനങ്ങളിൽ ഉൾപ്പെടെ 9,750 മണിക്കൂർ പറക്കൽ പരിചയമുള്ളയാളാണ് മച്ചാർ. സംഭവത്തിലെ ധീരമായ ഇടപെടലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മച്ചാറിനെ അഭിനന്ദിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമിയെ ചെറുത്ത് കോക്പിറ്റ് വാതിൽ തുറന്നത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്ന് നെതന്യാഹു പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മച്ചാറിനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് അഭിനന്ദിച്ചു.
إرسال تعليق