'ഞാൻ വോട്ട് ചോര്‍ എന്ന് പറയും, നിങ്ങള്‍ ഗദ്ദി ഛോഡ് പറയൂ'; ബംഗളൂരുവില്‍ മോദിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ലക്ഷങ്ങളെ ഇളക്കിമറിച്ച് ധ്രുവ് റാഠി. 13 കോടി വോട്ടുകള്‍ വെട്ടിനിരത്തിയെന്ന് ആരോപണം. പ്രകാശ് രാജിനൊപ്പം ജനകീയ ട്രിബ്യൂണല്‍. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നും ആവശ്യം
ബംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) മറവില്‍ രാജ്യവ്യാപകമായി കോടിക്കണക്കിന് വോട്ടർമാരെ വെട്ടിനിരത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബംഗളൂരു ഫ്രീഡം പാർക്കില്‍ സംഘടിപ്പിച്ച വൻ ജനകീയ പ്രതിഷേധത്തില്‍ തീപ്പൊരി പ്രസംഗവുമായി പ്രമുഖ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠി.
തന്റെ ജീവിതത്തിലെ ആദ്യത്തെ തെരുവ് പ്രക്ഷോഭമാണിതെന്ന് വ്യക്തമാക്കിയ ധ്രുവ് റാഠി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വ്യക്തിപരമായ വിരോധമല്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവൻ അദ്ദേഹത്തിന്റെ ഭരണത്തോട് കടുത്ത എതിർപ്പുണ്ടെന്നും തുറന്നടിച്ചു.
നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയില്‍ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.
വന്ദേ മാതരവും ഭാരത് മാതാ കീ ജയ് വിളികളും മുഴക്കി പ്രസംഗം ആരംഭിച്ച ധ്രുവ് റാഠി, "വോട്ട് ചോർ" (വോട്ടുകള്ളൻ) എന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്തപ്പോള്‍ പതിനായിരങ്ങള്‍ ഇരമ്പിയാർത്ത് "ഗദ്ദി ഛോഡ്" (കസേര ഒഴിയൂ) എന്ന് തിരിച്ചുമിഴക്കി തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകളില്‍ മരിച്ചതായി കാണിച്ച് വോട്ടർപട്ടികയില്‍ നിന്ന് നീക്കം ചെയ്ത ജീവിച്ചിരിക്കുന്ന സാധാരണക്കാരെ വേദിയില്‍ നേരിട്ട് ഹാജരാക്കിക്കൊണ്ടാണ് കർണാടകയിലെ സിവില്‍ സൊസൈറ്റി സംഘടനകള്‍ എസ്.ഐ.ആറിന്റെ തട്ടിപ്പുകള്‍ തെളിവുസഹിതം തുറന്നുകാട്ടിയത്.
ബി.ജെ.പി വോട്ടർമാരാണെങ്കില്‍പ്പോലും വോട്ടവകാശം സംരക്ഷിക്കാൻ ഈ സമരത്തില്‍ അണിചേരണമെന്നും, ജനാധിപത്യം കവർന്നെടുക്കുന്ന ഗ്യാനേഷ് കുമാറിനെപ്പോലെയുള്ളവരെ സംരക്ഷിക്കുന്നവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരട് പട്ടികയുടെ ഘട്ടത്തില്‍ രാജ്യവ്യാപകമായി 13 കോടിയോളം വോട്ടർമാരുടെ പേരുകള്‍ ഇല്ലാതാക്കിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബംഗളൂരു ഫ്രീഡം പാർക്കില്‍ സംഘടിപ്പിച്ച ജനകീയ ട്രിബ്യൂണലില്‍ കർണാടകയുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പൗരന്മാർ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ പ്രവർത്തകർ ചെരുപ്പ് പ്രദർശിപ്പിച്ചും പ്രതിഷേധിച്ചു. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 70 ലക്ഷം പേരെ വെട്ടിമാറ്റിയതിനും, ബീഹാറില്‍ 40 ലക്ഷത്തിലധികം പേരുകള്‍ ഒഴിവാക്കിയതിനും, യുപിയില്‍ ദുരൂഹമായി 14 ലക്ഷം പേരെ കൂട്ടിച്ചേർത്തതിനും മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും രാജ്യത്തോട് ഉത്തരം പറയണമെന്ന് റാഠി ആവശ്യപ്പെട്ടു.
കർണാടകയിലെ 100 പോളിംഗ് ബൂത്തുകളിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന സമഗ്ര അന്വേഷണ റിപ്പോർട്ടും അദ്ദേഹം വേദിയില്‍ പുറത്തുവിട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ സമരം രാജ്യമെമ്പാടും തുടരുമെന്നാണ് സമിതിയുടെ പ്രഖ്യാപനം.
Post a Comment