Join News @ Iritty Whats App Group

പ്രിയ വർഗീസിന്റെ നിയമനം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രിയ വർഗീസിന്റെ നിയമനം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും


കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സിപിഐഎം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും ജോസഫ് സ്കറിയയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രിയ വർഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾ പാലിച്ചല്ലെന്നാണ് യുജിസിയുടെ വാദം. സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾക്ക് യുജിസി മാനദണ്ഡങ്ങളാണ് ബാധകമെന്നും യുജിസി ചൂണ്ടിക്കാട്ടുന്നു.

കേസിൽ നേരത്തെ പ്രിയ വർഗീസിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സർക്കാരും കണ്ണൂർ സർവകലാശാലയും സ്വീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിയിലെ വാദത്തിന് മുന്നോടിയായി ഇരുവരും അഭിഭാഷകരെ മാറ്റി. കണ്ണൂർ സർവകലാശാലയ്ക്കായി പി.എസ്. സുൽഫിക്കർ അലിയും സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ ജെയിംസ് പി. തോമസുമാണ് ഇന്ന് കോടതിയിൽ ഹാജരാകുക.

അസോസിയേറ്റ് പ്രൊഫസർ നിയമനം നിയമപരമായിരുന്നുവെന്നായിരുന്നു സർവകലാശാല നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ നിലപാട്. നിലവിലെ അഭിഭാഷകനായ കെ.ആർ. സുഭാഷ് ചന്ദ്രനെ മാറ്റിയാണ് പി.എസ്. സുൽഫിക്കർ അലിയെ പുതിയ അഭിഭാഷകനായി നിയമിച്ചത്.

അഭിഭാഷകരെ മാറ്റിയതോടെ കേസിൽ സംസ്ഥാന സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടിൽ മാറ്റമുണ്ടാകുമോയെന്നാണ് ശ്രദ്ധേയം. സുപ്രീം കോടതിയിലെ ഇന്നത്തെ വാദം പ്രിയ വർഗീസിന്റെ നിയമനത്തിൽ നിർണായകമാകും.

Post a Comment

أحدث أقدم
Join Our Whats App Group