ആറുവരിപ്പാതയില്‍ യത്ര ചെയ്യാൻ ഇനിയും കാത്തിരിക്കണം; ദേശീയപാത 66 നിര്‍മാണ കാലാവധി നീട്ടി നല്‍കി
കണ്ണൂർ: കേരളത്തിന് ദേശീയപാത 66 ആറുവരിപ്പാതയിലൂടെ യാത്ര ചെയ്യണമെങ്കില്‍ ഒരു വർഷത്തിലേറെ കാത്തിരിക്കണം. ദേശീയപാതയിലെ ബൈപാസുകളുടെ പൂർത്തീകരണ കാലാവധി നീട്ടിനല്‍കി.
കണ്ണൂർ ജില്ലയില്‍ മൂന്ന് പ്രധാന ബൈപാസുകളുടെ നിർമാണ കാലാവധിയാണ് നീട്ടി നല്‍കിയത്. 2028 മാർച്ച് കഴിഞ്ഞാല്‍ മാത്രമേ സംസ്ഥാനത്ത് ആറുവരിപ്പാത നിർമാണം പൂർത്തിയാവുകയുള്ളൂ.
കണ്ണൂർ ജില്ലയിലെ മൂന്ന് പ്രധാന നഗരങ്ങളായ പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ബൈപാസ് പൂർത്തീകരണ കാലാവധിയാണ് നീട്ടി നല്‍കിയിരിക്കുന്നത്. നീലേേശ്വരം - തളിപ്പറമ്പ്, തളിപ്പറമ്പ് - മുഴപ്പിലങ്ങാട് റീച്ചുകളിലായാണ് ഈ ബൈപാസ് നിർമാണം പുരോഗമിക്കുന്നത്. പയ്യന്നൂരില്‍ 3.82 കിലോമീറ്റർ നീളത്തിലും, തളിപ്പറമ്പില്‍ 5.66 കിലോമീറ്റർ നീളത്തിലും കണ്ണൂരില്‍ 14.01 കിലോമീറ്റർ നീളത്തിലുമാണ് ബൈപാസ് നിർമിക്കുന്നത്.
നീലേശ്വരം - തളിപ്പറമ്പ് റീച്ചിലെ പൂർത്തീകരണ കാലാവധി 2027 മാർച്ച് വരെയും തളിപ്പറമ്പ് - മുഴപ്പിലങ്ങാട് റീച്ചിലെ പൂർത്തീകരണ കാലാവധി 2028 മാർച്ച് വരെയുമാണ് നീട്ടി നല്‍കിയത്. ബൈപാസുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ മാത്രമേ പഴയ ദേശീയപാതയിലും നഗരത്തിലും തിരക്ക് കുറയുകയുള്ളൂ. കണ്ണൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കവെയാണ് റോഡ് പൂർത്തിയാകാൻ ഇനിയും കാത്തിരിക്കണമെന്ന വാർത്ത വരുന്നത്.
പയ്യന്നൂർ ബൈപാസ്
പയ്യന്നൂർ ബൈപാസ് 3.82 കിലോമീറ്റർ നീളത്തിലാണ് നിർമിക്കുന്നതെങ്കിലും പെരുമ്പ ജങ്ഷനിലെയും പയ്യന്നൂർ നഗരത്തിലെയും വാഹനത്തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കും. കോത്തായിമുക്ക് പുതിയങ്കാവില്‍നിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പ് വരെയാണ് പയ്യന്നൂർ ബൈപാസ്. പെരുമ്പ പുഴ കടന്നാണ് ഈ ബൈപാസ് കടന്നുപോകുന്നത്.
തളിപ്പറമ്പ് ബൈപാസ്
5.66 കിലോമീറ്ററാണ് തളിപ്പറമ്പ് ബൈപാസ് നിർമിക്കുന്നത്. നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനൊപ്പം വലിയ വളവുകള്‍ നിവരുമെനന്ത് യാത്രക്കാർക്ക് ആശ്വാസമേകുന്നകാര്യമാണ്. പയ്യന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിരക്ക് ഒഴിവാക്കി അതിവേഗമെത്താനാകും.
കണ്ണൂർ ബൈപാസ്
കണ്ണൂരിലെ ബൈപാസ് നിർമാണം പൂർത്തിയായാല്‍ മാത്രമേ പാപ്പിനിശേറി മുതല്‍ തുടങ്ങുന്ന ഗതാഗതക്കുരുക്കിന് അവസാനമാകൂ. പുതിയതെരുവിലെയും കാല്‍ടെക്സ് ജങ്ഷനിലെയും ഗതാഗതക്കുരുക്ക് അനുദിനം വർധിച്ച് വരികയാണ്. പാപ്പിനിശ്ശേരി തൊട്ട് കിഴുത്തള്ളി വഴി വരെയാണ് കണ്ണൂരിലെ ബൈപാസ് കാല്‍ടെക്സ് ജങ്ഷൻ തൊടാതെയാണ് പുതിയ പാത കടന്നു പോകുന്നത്.
അതേസമയം ദേശീയപാത 66ല്‍ കേരളത്തിലെ 645 കിലോമീറ്റർ നിർമാണം 2028 മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. കാസർകോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെയാണ് കേരളത്തിലൂടെ ദേശീയപാത 66 കടന്നുപോകുന്നത്.
إرسال تعليق