Join News @ Iritty Whats App Group

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടു; പുതിയ കെട്ടിടത്തിലേക്ക് മാറാതെ മട്ടന്നൂര്‍ ആയുര്‍വേദ ആശുപത്രി

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടു; പുതിയ കെട്ടിടത്തിലേക്ക് മാറാതെ മട്ടന്നൂര്‍ ആയുര്‍വേദ ആശുപത്രി


ട്ടന്നൂർ: ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാതെ പഴശ്ശി കന്നാട്ടുംകാവിലെ സർക്കാർ ആയുർവേദ ആശുപത്രി.

ദേശീയ ആയുഷ് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് 17 കോടി രൂപ ചെലവില്‍ ആശുപത്രി നിർമ്മിച്ചത്. നിലവില്‍ പഴശ്ശിയിലെ ബഡ്സ് സ്‌കൂള്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഫെബ്രുവരി 20ന് മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഒരു മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും നടപടി നീണ്ടുപോകുകയായിരുന്നു.

അഞ്ചുനില കെട്ടിടത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് നില നിർമ്മാണമാണ് പൂർത്തിയാക്കിയത്. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെന്റർ എന്ന നിലയിലാണ് ആശുപത്രിയുടെ പദ്ധതി തയ്യാറാക്കിയത്. കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒൻപത് കോടി രൂപയാണ് അനുവദിച്ചത്. തുക അപര്യാപ്തമായതോടെ സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ കൂടി അനുവദിച്ചു. പിന്നീട് കേന്ദ്ര -സംസ്ഥാന വിഹിതമായി ആറു കോടി രൂപ കൂടി ഉള്‍പ്പെടുത്തി ആകെ 17 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒ.പി. ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളില്‍ വാർഡുകളുമാണ് ഒരുക്കുക. ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കൊപ്പം ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സയാണ് ഇവിടെ ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ കനിവിന് കാത്തിരിപ്പ്

കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്നതിനായി ആയുർവേദ ആശുപത്രി അനുവദിച്ചത്. 50 കിടക്കകളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് പുതിയ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാഫ് പാറ്റേണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സർക്കാർ അംഗീകാരം ലഭിക്കണം. ആദ്യഘട്ടത്തില്‍ നിലവിലുള്ള ജീവനക്കാരെയും സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group