പിഎഫ് പണം പിൻവലിക്കുന്നതിൽ വീണ്ടും മാറ്റംവരുത്തി ഇപിഎഫ്ഒ; ജോലി രാജിവെച്ചവർക്കും വിരമിക്കുന്നവർക്കും തുക മുഴുവൻ പിൻവലിക്കാൻ ഒരു വർഷം കാത്തിരിക്കണം
ദില്ലി: ജോലിയിൽ നിന്ന് 55 വയസ് തികയുന്നതിന് മുൻപ് വിരമിക്കുകയോ, ജോലി രാജിവെക്കുകയോ ചെയ്യുന്നവർക്ക് ഇ.പി.എഫ് തുക പിൻവലിക്കുന്നതിൽ 12 മാസം കാത്തിരിക്കണം. എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ്റേതാണ് തീരുമാനം. എന്നാൽ ജോലി ഉപേക്ഷിച്ച് അല്ലെങ്കിൽ വിരമിച്ച ശേഷം 12 മാസത്തിനകം മൊത്തം തുകയുടെ 75 ശതമാനം വരെ പിൻവലിക്കാൻ അംഗങ്ങൾക്ക് സാധിക്കും. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് എടുത്ത തീരുമാനത്തെ തുടർന്നാണ് ഇപിഎഫ്ഒ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതേസമയം, 55 വയസ് പൂർത്തിയായ ശേഷം ജോലിയിൽ നിന്ന് വിരമിക്കുന്നവർക്കും ജോലി രാജിവെക്കുന്നവർക്കും സർവീസിൽ നിന്ന് ഒഴിവാകുന്നതോടെ മുഴുവൻ തുകയും പൂർണ്ണമായി പിൻവലിക്കാൻ സാധിക്കും. തുക 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ 7 മുതൽ 10 ദിവസത്തിനകവും, 5 ലക്ഷത്തിൽ താഴെയാണെങ്കിൽ 3 ദിവസത്തിനകവും ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കും. ഇത്തരത്തിൽ തുക പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപിഎഫ്ഒ വെബ്സൈറ്റിൽ രണ്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. വിരമിക്കൽ (Retirement), 55 വയസിന് ശേഷം വിരമിക്കൽ (Retirement after 55 years) എന്നിവയാണിവ. 55 വയസിന് ശേഷം വിരമിക്കുന്നവർ തെറ്റാതെ തങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ 12 മാസം കാത്തിരുന്നാലേ പണം കിട്ടൂവെന്നും ഇപിഎഫ്ഒ ആവശ്യപ്പെടുന്നു.
ജോലിയിൽ നിന്ന് മാറുമ്പോഴും മറ്റും ജീവനക്കാർ ഇ.പി.എഫ് അക്കൗണ്ടിലെ മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കുന്ന പ്രവണത തടയാനാണ് 12 മാസത്തെ നിയന്ത്രണം കൊണ്ടുവന്നതെന്നാണ് ഇപിഎഫ്ഒ വിശദീകരിക്കുന്നത്. പലരും ജോലി മാറുമ്പോൾ തുക മുഴുവനായി പിൻവലിക്കുന്നതിനാൽ വിരമിക്കൽ സമയത്ത് സമ്പാദ്യത്തിൽ വളരെ ചെറിയ തുക മാത്രമാണ് അവശേഷിക്കുന്നത്. റിട്ടയർമെൻ്റ് ഫണ്ട് സുരക്ഷിതമാക്കാനാണ് പുതിയ നിബന്ധനകളെന്ന് ഇപിഎഫ്ഒ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ അവസാനിപ്പിക്കൽ, 55 വയസ്സിന് ശേഷമുള്ള വിരമിക്കൽ, വിദേശത്തേക്കുള്ള കുടിയേറ്റം, സ്ഥാപനം അടച്ചുപൂട്ടൽ, സ്ഥിരമായ വൈകല്യം തുടങ്ങിയ കാരണങ്ങളാൽ അംഗങ്ങൾക്ക് മുഴുവൻ തുകയും പിൻവലിച്ച് അക്കൗണ്ട് പൂർണ്ണമായി സെറ്റിൽ ചെയ്യാവുന്നതാണ്. 2024-25 വർഷത്തിൽ 52.95 ലക്ഷത്തിലധികം അംഗങ്ങളാണ് അക്കൗണ്ട് സെറ്റിൽ ചെയ്തത്. ഇതിൽ 75 ശതമാനത്തിലധികം പേരും 50,000 രൂപയിൽ താഴെ തുക മാത്രമാണ് കൈപ്പറ്റിയതെന്നും ഇ.പി.എഫ്.ഒ കണക്കുകൾ വ്യക്തമാക്കുന്നു.
إرسال تعليق