പിഎം ശ്രീയിൽ പുതുതായി തീരുമാനം എടുത്തിട്ടില്ല, എടുത്താല്‍ അറിയിക്കാം: മന്ത്രി എൻ. ഷംസുദ്ദീൻ
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. തീരുമാനം എടുത്താൽ എല്ലാവരേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളിലെ വിമർശനത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളം പിഎം ശ്രീയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം കത്തയക്കുന്നതോടെ ഒരിടവേളക്ക് ശേഷം ചർച്ചയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള എസ്എസ്കെ ഫണ്ട് ലഭിക്കാൻ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയാണ് കത്തയക്കുക. ദില്ലിയിൽ എസ്എസ് കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് ആവർത്തിച്ചത്. അതേസമയം പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെയാണ് സർക്കാറിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയായി.
പി എം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. പി എംശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന്‍ യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ സർക്കാരാണ് പി എം ശ്രീയിൽ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗായിരുന്നു ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. സർക്കാർ അതിൽ ഉപസമിതി ഉണ്ടാക്കി തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
إرسال تعليق