ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോള്‍: ഡിണ്ടിഗല്‍ പിഎസ്‌എൻഎ കോളജ് അധികൃതര്‍
കയ്പമംഗലത്തുണ്ടായ വൻ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി 11.30യോടെയാണ് ദുരന്തമുണ്ടായത്.കാർ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേരാണ് മരിച്ചത്. തമിഴ്നാട് ഡിണ്ടിഗലിലെ പിഎസ്‌എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണിവർ.
വിദ്യാർഥികള്‍ വിനോദയാത്ര പോയ വിവരം കോളജ് അധികൃതർ അറിഞ്ഞിരുന്നില്ലെന്നാണ് പിഎസ്‌എൻഎ കോളജ് അധികൃതരുടെ വിശദീകരണം. പുലർച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിയുന്നതെന്നും അധികൃതർ പറഞ്ഞു.
അവധി ദിവസമായതിനാല്‍ വിദ്യാർഥികള്‍ സ്വന്തം നിലയില്‍ യാത്ര ആസൂത്രണം ചെയ്തതാകാമെന്നാണ് കോളജ് അധികൃതരുടെ നിഗമനം. സന്തോഷ് എന്ന വിദ്യാർഥി കോളജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നതെന്നും എന്നാല്‍ ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോയ ശേഷമാണ് മറ്റ് വിദ്യാർഥികള്‍ക്കൊപ്പം യാത്ര പോയതെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാത്രി 11.45ഓടെയായിരുന്നു അപകടം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്താണ് അപകടമുണ്ടായത്. ഇവിടെ നിർത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിലേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. ഏറെ പണിപ്പെട്ടാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. സന്തോഷ് (20), പ്രസന്ന (20), സേലം സ്വദേശി വിശ്വ (20), ദിണ്ടിഗല്‍ സ്വദേശികളായ സൂര്യ (20), സഞ്ജിത്ത് (21), ജോഷ്വ (20), മുരളി കൃഷ്ണ, യുവസഞ്ജിത് എന്നിവരാണ് മരിച്ചത്. സൂര്യ, യുവസഞ്ജീത്ത്, ജോഷ്വ എന്നിവരുടെ ബന്ധുക്കള്‍ എത്തി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
إرسال تعليق