ദേശീയപാതയിലെ അപകടങ്ങൾ: സമഗ്ര സുരക്ഷാ അവലോകനം വേണമെന്ന് വിഡി സതീശൻ
നിർമാണത്തിലിരിക്കുന്ന ദേശീയപാതകളിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തെ ദേശീയപാത പദ്ധതികളിൽ സമഗ്രമായ സുരക്ഷാ അവലോകനം നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിലെ ആശങ്കകൾ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂർ കയ്പമംഗലത്ത് ദേശീയപാത 66ൽ വാഹനാപകടത്തിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവവും മുഖ്യമന്ത്രി പരാമർശിച്ചു. നിർമാണം നടക്കുന്ന മേഖലകളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും റോഡരികിൽ അനധികൃതമായി ലോറികൾ പാർക്ക് ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് കയ്പമംഗലത്തെ അപകടത്തിൽ മരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതകളിൽ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഉയരുന്ന ആവശ്യം.
إرسال تعليق