Join News @ Iritty Whats App Group

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ


കോട്ടയം: വിവാഹത്തിന് ഭക്ഷണം എത്തിക്കാന്‍ കരാറെടുത്തശേഷം പണം വാങ്ങി മുങ്ങിയെന്ന പരാതിയില്‍ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ് ഉടമ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുണ്ടക്കയം ചോറ്റി, കോട്ടയം കഞ്ഞിക്കുഴി, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് വിഷ്ണു വിവാഹ സംഘങ്ങളെ കബളിപ്പിച്ചത്. മൂന്നിടത്തും സോഷ്യല്‍ മീഡിയ വഴിയുള്ള റീല്‍സില്‍ ആകൃഷ്ടരായാണ് വിവാഹ നടത്തിപ്പുകാര്‍ കാറ്ററിങ് ബുക്കു ചെയ്തത്. ചോറ്റിയിലെയും കഞ്ഞിക്കുഴിയിലെയും വീട്ടുകാര്‍ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് വിഷ്ണു ഒളിവില്‍ പോയി. ഇയാളുടെ ഫോണ്‍ പിന്തുടര്‍ന്നാണ് ഇന്നലെ വൈകീട്ട് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്.

കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നല്‍കിയിരുന്നത്. ഇതില്‍ സ്റ്റേജ്, സൗണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഈ കരാറുകാരന്‍ തന്നെ മറ്റൊരാളെ ഏല്‍പിച്ചിരുന്നു. വെല്‍ക്കം ഡ്രിങ്ക് ഉള്‍പ്പെടെ ഭക്ഷണം എത്താതിരുന്നതോടെ ഇവരുമായി ബന്ധപ്പെട്ടപ്പോള്‍, ഈരാറ്റുപേട്ടയില്‍ നിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തില്‍പ്പെട്ടെന്നും മറ്റൊരു വാഹനത്തില്‍ ഉടന്‍ എത്തുമെന്നും അറിയിച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടര്‍ന്ന് സമീപത്തെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണമെത്തിച്ച്‌ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കു നല്‍കേണ്ടി വന്നു. ഭക്ഷണം എത്തിക്കാതിരുന്നതുമൂലം തങ്ങള്‍ക്ക് വലിയ നാണക്കേടാണുണ്ടായതെന്ന് വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

മുണ്ടക്കയം ചോറ്റിയില്‍ നടന്ന വിവാഹത്തില്‍ പനയ്‌ക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാര്‍ 1.54 ലക്ഷം രൂപ നല്‍കിയെങ്കിലും കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കേറ്ററിങ് സംഘത്തെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടനെ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെത്തുടര്‍ന്ന് വീണ്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോള്‍ എടുക്കാതെയായി. 400 ആളുകള്‍ക്കായിരുന്നു സദ്യ പറഞ്ഞിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group