'ഇന്ത്യയെ ലോകം ഉറ്റുനോക്കുമ്പോൾ അമ്മാവന്മാർക്ക് അമർഷം'; പ്രതിപക്ഷത്തിനെതിരെ അനിമേഷൻ വിഡിയോയുമായി ബിജെപിയുടെ പരിഹാസം
ദില്ലി: പ്രതിപക്ഷ നേതാക്കൾ ബ്രിക്സ് വേദിയിൽ ഒളിഞ്ഞുനോക്കുന്ന അനിമേഷൻ വിഡിയോയുമായി ബിജെപിയുടെ പരിഹാസം. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കെജ്‍രിവാൾ, അഖിലേഷ് യാദവ് എന്നിവരുടെ ആനിമേഷൻ വീഡിയോ ആണ് ബിജെപി പങ്കുവച്ചത്. 'ബ്രിക്സിൽ ഇന്ത്യയുടെ കരുത്തും നേതൃത്വവും ലോകം ഉറ്റുനോക്കുമ്പോൾ, രോഷാകുലരായ ചില അമ്മാവന്മാർ ഉള്ളിൽനിന്നും എന്തെങ്കിലും വീണുകിട്ടുമോ എന്നാണ് നോക്കുന്നത്. ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുകയാണ്, അതോടൊപ്പം പുറത്തുള്ള അമ്മാവന്മാരുടെ അമർഷവും' എന്നാണ് ബിജെപിയുടെ പരിഹാസം.
ബ്രിക്സിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചത് നേട്ടമായി ആഘോഷിക്കുകയാണ് ബിജെപി. ഗ്ലോബൽ സൗത്തിന്റെ ശബ്ദമാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നവീൻ അവകാശപ്പെട്ടു. വികസ്വര രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ സമവായം ഉണ്ടാക്കാൻ ഇന്ത്യയ്ക്കായി. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഉൾപ്പെടുത്തിയത് വിജയമെന്നും ബിജെപി അവകാശപ്പെടുന്നു. അതേസമയം ജവഹർലാൽ നെഹ്റുവിന്റെ കാലഘട്ടം ഓർമ്മിപ്പിച്ച് തിരിച്ചടിച്ച് കോൺഗ്രസും രംഗത്തെത്തി.
ചൈനയുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനീസ് കൈയേറ്റങ്ങളോട് എന്തിനാണ് മൃദുസമീപനമെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ചൈന നൽകിയ പിന്തുണയിൽ നിലപാട് മയപ്പെടുത്തിയത് എന്തിനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് ചോദിക്കുന്നു. ഇന്ത്യ-ചൈന ചർച്ചക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് പ്രസ്താവന ഇറക്കിയത്.
2020 ജൂൺ 19-ന് ചൈനയ്ക്ക് നിങ്ങൾ നൽകിയ കുപ്രസിദ്ധമായ ക്ലീൻ ചിറ്റ് ഇന്ത്യയെ ദുർബലപ്പെടുത്തിയില്ലേയെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചു. 2020 ജൂൺ 19-ന്, ആരും നമ്മുടെ അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്നും ആരും അവിടെ കൈയേറിയിട്ടില്ലെന്നുമുള്ള പ്രസ്താവന ഇതുവരെ തിരുത്തിയിട്ടില്ല. ഇത് പിന്നീട് നടന്ന ചർച്ചകളിൽ നമ്മുടെ നിലപാടിനെ കാര്യമായി ദുർബലപ്പെടുത്തിയില്ലേയെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം.
إرسال تعليق