Join News @ Iritty Whats App Group

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തെറ്റുകൾ പറ്റാത്തവരല്ല, പറ്റിയ തെറ്റുകളിലെ തുറന്ന് പറയലുകളും തിരുത്തലുകളും ആണ് വേണ്ടതെന്ന് എം എ ബേബി

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തെറ്റുകൾ പറ്റാത്തവരല്ല, പറ്റിയ തെറ്റുകളിലെ തുറന്ന് പറയലുകളും തിരുത്തലുകളും ആണ് വേണ്ടതെന്ന് എം എ ബേബി


തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലമുണ്ടെങ്കിലും സിപിഎമ്മിന് ഉജ്ജ്വലമായ ചരിത്രമുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം. എ. ബേബി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ വരികൾ ഉദ്ധരിച്ചായിരുന്നു എം. എ. ബേബിയുടെ പ്രതികരണം.

തെറ്റുകൾ പറ്റാത്തവരല്ല സിപിഎമ്മുകാർ. എന്നാൽ സംഭവിച്ച തെറ്റുകൾ തുറന്നുപറയുകയും തിരുത്തുകയും വേണം. ചരിത്രം ഓർമയില്ലാത്ത തരത്തിലുള്ള പ്രചാരണമാണ് സിപിഎമ്മിനെതിരെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയവും അതിന്റെ കാരണങ്ങളും പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ നിർമ്മിതികൾ സിപിഎമ്മിന് തിരിച്ചടിയാകുന്നുണ്ടെന്നും അത് തിരിച്ചറിയാൻ കഴിയാതെ പോയോ എന്നതും പരിശോധിക്കണമെന്നും എം. എ. ബേബി പറഞ്ഞു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജനിർമിതി വിമോചന സമരമാണെന്നും അതിന്റെ തുടർച്ച ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം. എ. ബേബി.

അതേസമയം, തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം നിർത്തുന്നതിൽ സിപിഎം പരാജയപ്പെട്ടെന്നും മുതിർന്ന നേതാവ് തോമസ് ഐസക് പറഞ്ഞു. വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയെ ശക്തിപ്പെടുത്തി 2029ൽ എൽഡിഎഫ് വിജയിക്കുന്ന കേരളം ഉണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്തെന്നും ചില വീഴ്ചകളുണ്ടായിട്ടും മികച്ച ഭരണമുണ്ടായിരുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് ജനങ്ങൾ എതിരായത് എന്നതും കഴിഞ്ഞ മൂന്ന് മാസമായി പാർട്ടിയുടെ എല്ലാ തലങ്ങളിലും ചർച്ച ചെയ്തിട്ടുണ്ട്. അടിത്തട്ട് വരെയുള്ള ഘടകങ്ങളിൽ ഇക്കാര്യങ്ങൾ പരിശോധിച്ചു.

ഇനി ഇക്കാര്യങ്ങൾ ആവർത്തിച്ച് ചർച്ച ചെയ്യാനല്ല സംസ്ഥാന സമിതി യോഗം ചേരുന്നത്. രാഷ്ട്രീയ, ഭരണപര, സംഘടനാ തലങ്ങളിലെ വീഴ്ചകൾ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും ദൗർബല്യങ്ങൾ മറികടക്കാനും ആവശ്യമായ പ്രവർത്തന പരിപാടിക്ക് രൂപം നൽകാനാണ് വിശാല സംസ്ഥാന സമിതി യോഗം ചേരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group