ഉജ്ജയിനി ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ച് നീക്കുന്നതിനെ ചൊല്ലി സംഘർഷം
ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ച് നീക്കുന്നതിനെ ചൊല്ലി സംഘർഷം. റോഡ് വീതികൂട്ടൽ നടപടിക്കിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. മസ്ജിദ് കമ്മിറ്റിയും മുനിസിപ്പൽ കോർപ്പറേഷനും ഒത്തുതീർപ്പിലെത്തുമെന്ന് അറിയിച്ചതോടെ ഈ വിഷയത്തിലെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തീർപ്പാക്കി.
ഉജ്ജയിനിയിലെ ഷാഹി മസ്ജിദിന് സമീപം രാവിലെ മുതൽ സംഘർഷാവസ്ഥയായിരുന്നു. റോഡ് വീതികൂട്ടുന്നതിൻറെ ഭാഗമായി മസ്ജിദിന്റ ഒരു ഭാഗം നീക്കം ചെയ്യാനുള്ള നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മസ്ജിദിന് സമീപം ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രതിഷേധത്തിനിടെ ചിലർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതി വഷളായി.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ച് സ്ഥിതി നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ തുടരുകയാണ്.
2028ലെ സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഉജ്ജയിനിയിൽ റോഡ് വികസന പദ്ധതി. തിരക്കേറിയ നഗരമേഖലകളിൽ ഗതാഗതം സുഗമമാക്കുന്നതിനും തീർഥാടകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനുമാണ് റോഡ് വീതികൂട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതിയുടെ ഭാഗമായി ഷാഹി മസ്ജിദ് ഉൾപ്പെടെ 272 കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിക്കുന്നുണ്ട്.നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് മസ്ജിദിന്റെ ഭാഗിക പൊളിക്കൽ ചോദ്യം ചെയ്ത ഹർജികൾ തള്ളിയിരുന്നു.
ഇതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി ഡിവിഷൻ പരിഗണിച്ചു. പള്ളിയുടെ ഭാഗം പൊളിച്ചു കൊടുക്കാമെന്ന് മസ്ജിദ് കമ്മിറ്റിയും കോപ്പറേഷനും തമ്മിൽ ധാരണയായി എന്ന് കോടതി അറിയിച്ചു. ഈ സാഹചര്യത്തിൽ ഹർജി കോടതി തീർപ്പാക്കി. കോടതി നടപടി പൂർത്തിയായതിനു ശേഷവും സംഘർഷാവസ്ഥ തുടരുകയാണ്. ആളുകൾ തടിച്ചു കൂടി നില്ക്കുന്ന സാഹചര്യത്തിൽ പൊളിക്കുന്നത് തല്കക്കാലം തുടങ്ങിയിട്ടില്ല.
إرسال تعليق