ദേശീയ പാതയിലെ സുരക്ഷിത യാത്ര; ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ കലക്ടറുടെ പരിശോധന
കണ്ണൂർ:ദേശീയ പാതയില്‍ അപകടരഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സിൻ്റെ ഭാഗമായി കണ്ണൂരില്‍ പരിശോധന നടന്നു.
ജില്ലാ കലക്ടർ പി വിഷ്ണുരാജിൻ്റെ നേതൃത്വത്തിലാണ് ദേശീയ പാതയില്‍ പരിശോധനകള്‍ സംഘടിപ്പിച്ചത്.
വളപട്ടണത്ത് ബസ്ബേ
വളപട്ടണം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൻ്റെ ഭാഗമായി ഇവിടെ പുതിയൊരു ബസ്ബേ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും ജില്ലാ കലക്ടറും സംഘവും പരിശോധിച്ചു.
ദേശീയ പാതയിലെ അനധികൃത പാർക്കിങ്, അപകടസാധ്യതാ മേഖലകള്‍, സൂചനാ ബോർഡുകള്‍, റിഫ്ലക്ടറുകള്‍, സ്പീഡ് ബ്രേക്കറുകള്‍ എന്നിവയുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങളും സംഘം വിലയിരുത്തി. ഈ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുന്നതിന് ആവശ്യമായ കർശന നിർദേശങ്ങള്‍ ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്‍കിയിട്ടുണ്ട്.
ധർമശാല മുതല്‍ മുഴപ്പിലങ്ങാട് വരെ
കണ്ണൂർ താലൂക്കില്‍ ഉള്‍പ്പെടുന്ന ധർമശാല മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയ പാത ഭാഗങ്ങളില്‍ തഹസില്‍ദാർ രത്നേഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ടാസ്ക് ഫോഴ്സ് അംഗങ്ങളായ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത്, എല്‍എസ്ജിഡി ഉദ്യോഗസ്ഥരും സന്ദർശന വേളയില്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
Post a Comment