മുപ്പത്തിനായിരത്തിന്റെ ബിൽ കുടിശ്ശിക;ഇരിട്ടി ബസ്് സ്റ്റാൻഡിലെ എസ് ബി ഐ എ ടി എം കൗണ്ടറിന്റെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്
ഇരിട്ടി : ബിൽ കുടിശ്ശികയായതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനാൽ ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ ഏക എ ടി എം കൗണ്ടറിന്റെ പ്രവർത്തനം നിലച്ചു. 32,508 രൂപ കുടിശ്ശികയായതിനെ തുടർന്നാണ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എസ് ബിഐയുടെ എ ടി എം കൗണ്ടറിന്റെ ഫ്യൂസ് ബുധനാഴ്ച ഉച്ചയോടെ കെ എസ് ഇ ബി അധികൃതർ വിച്ഛേദിച്ചത്. ഇൻവെർട്ടറിൽ ചാർജ് ഉണ്ടായിരുന്നതിനാൽ ഏതാനും മണിക്കൂറുകൾ കൂടി എ ടി എം പ്രവർത്തിച്ചെങ്കിലും പിന്നീട് പൂർണമായും നിശ്ചലമായി. പുതിയ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഏക എ ടി എം കൗണ്ടറായിരുന്നു എസ് ബി ഐ യുടേത്. സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർക്കും സമീപവാസികൾക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ എ ടി എം കൗണ്ടർ. ദിവസവും നിരവധി പേരാണ് ഇവിടെ പണം പിൻവലിക്കാനായി എത്തുന്നത്. എ ടി എം പ്രവർത്തനം നിലച്ചതോടെ പണം പിൻവലിക്കാൻ മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിതിയിലാണ് യാത്രക്കാരും പൊതുജനങ്ങളും. എത്രയും വേഗം വൈദ്യുതി കുടിശ്ശിക അടച്ച് എടിഎം പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. എസ് ബി ഐയുടെ ഇരിട്ടി ശാഖയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എ ടി എം പ്രവർത്തിക്കുന്നത് പയഞ്ചേരിയിൽ എസ് ബി ഐ ബാങ്കിന് മുന്നിലുള്ളത് മാത്രമാണ്. മറ്റ് കൗണ്ടറുകളുടെ പ്രവർത്തനങ്ങളുടെ നിയന്ത്രണം കണ്ണൂരിൽ നിന്നാണെന്നും ബ്രാഞ്ച് മാനേജർ അറിയിച്ചത്.
إرسال تعليق