മണല്‍വാരാൻ നീക്കങ്ങള്‍ സജീവമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: വരുന്ന കാലവർഷത്തിനു മുന്പായി സംസ്ഥാനത്തെ 17 നദികളിലെ മണല്‍ വരാനുള്ള നീക്കങ്ങള്‍ സജീവമാക്കി സർക്കാർ.നദികളിലെ സാൻഡ് ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്നു കണ്ടെത്തിയ 1.7 കോടി ടണ് മണല്‍ നീക്കാനുള്ള നടപടിയാണ് സർക്കാർ പരിഗണിക്കുന്നത്. ഈ വർഷം അവസാനത്തോടെ മണലെടുപ്പു തുടങ്ങാനുള്ള ശ്രമങ്ങളാണ് സജീവമാക്കിയത്.
എന്നാല്‍, കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് സാൻഡ് ഓഡിറ്റ് നടത്തി എട്ടു നദികളിലെ മണല്‍വാരാൻ തീരുമാനിച്ചെങ്കിലും നിയമതടസങ്ങളും സാങ്കേതിക നടപടിക്രമങ്ങളിലും കുരുങ്ങിയതു മൂലം പദ്ധതി തടസപ്പെട്ടു. സർക്കാരിന്റെ പുതിയ തീരുമാനവും ഫയലില്‍ ഒതുങ്ങുമോ എന്ന സംശയവുമുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകള്‍ ഒഴികെയുള്ളിടങ്ങളിലെ നദികളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. അമിതമായി മണല്‍ അടിഞ്ഞുകൂടുന്നതു സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും നദീതടത്തിന്റെ ആഴം കുറയ്ക്കുകയും ചെയ്യുന്നുവെന്നതു പ്രളയസാധ്യതയ്ക്ക് കാരണമാകുന്നുവെന്നു മുൻകൂട്ടിക്കണ്ടാണ് മണല്‍വാരല്‍ തുടങ്ങാൻ തീരുമാനിച്ചത്.
കാലവർഷം ശക്തമാകുന്നതോടെ അടിക്കടി ഉണ്ടാകുന്ന പ്രളയവും വെള്ളപ്പൊക്ക ഭീഷണിയും മുൻനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ മണല്‍വാരല്‍ പ്രഖ്യാപനം നടത്തിയിരുന്നു. നദികളിലെ സ്വാഭാവിക ഒഴുക്കിനെ പ്രതികൂടലമായി ബാധിക്കുംവിധം മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും അത് അടിയന്തരമായി നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞമാസം പത്തനംതിട്ട ജില്ലയിലടക്കം ഉണ്ടായ പ്രളയദുരന്ത പശ്ചാത്തത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം ചർച്ചചെയ്തത്.
കൗണ്സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയല്‍ റിസർച് (സിഎസ്‌ഐആർ) നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് മണല്‍ വാരല്‍ നടപടി പുരോഗമിക്കുന്നത്. പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതി നേടിയെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. എത്രത്തോളം മണല്‍ വാരാം, എതൊക്കെ മാനദണ്ഡം പാലിക്കണം തുടങ്ങിയ കാര്യങ്ങളിലും വിശദ പഠനം നടത്തും.
Post a Comment