Join News @ Iritty Whats App Group

പനി വ്യാപകം; ഇരിട്ടി താലൂക്ക്‌ ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ കടുത്ത ക്ഷാമം

പനി വ്യാപകം; ഇരിട്ടി താലൂക്ക്‌ ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ കടുത്ത ക്ഷാമം


ഇരിട്ടി: മലയോര മേഖലയില്‍പ്രധാന ആശുപത്രികളില്‍ ഒന്നായ താലൂക്ക്‌ ആശുപത്രിയില്‍ ആവശ്യത്തിന്‌ ഡോക്‌ടര്‍മാര്‍ ഇല്ലാത്തത്‌ വന്‍ പ്രതിസന്ധി ഉണ്ടാക്കുന്നു.

പനിയും മറ്റ്‌ രോഗങ്ങളും വ്യാപകമാകുമ്പോള്‍ ഇരിട്ടി താലൂക്ക്‌ ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ കടുത്ത ക്ഷാമം വന്‍ പ്രതിസന്ധിയാണ്‌ ഉണ്ടാക്കുന്നത്‌. ദിനംപ്രതി നൂറുകണക്കിന്‌ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന്‌ ഡോക്‌ടര്‍മാരില്ലാത്തത്‌ ചികിത്സ തേടി എത്തുന്നവര്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സ്‌ഥിതിയാണ്‌ ഉള്ളത്‌.

പ്രധാന ചികിത്സാ വിഭാഗങ്ങളില്‍ ഡോക്‌ടര്‍മാരുടെ ഒഴിവുകള്‍ നിലനില്‍ക്കുന്നതിനാല്‍ നിലവിലുള്ള ഏതാനും ഡോക്‌ടര്‍മാരെ ആശ്രയിച്ചാണ്‌ ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്‌. ആവശ്യത്തിന്‌ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ കിടത്തി ചികിത്സയ്‌ക്ക് സൗകര്യമുണ്ടായിട്ടും രോഗികളെ കണ്ണൂര്‍, പരിയാരം തുടങ്ങിയ ആശുപത്രികളിലേക്ക്‌ റഫര്‍ ചെയേ്േണ്ട സാഹചര്യമുണ്ടാകുന്നതായും പരാതിയുണ്ട്‌. 

ഇതോടെ ആശുപത്രിയിലെ നിരവധി കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്നതായും ചില വാര്‍ഡുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. പ്രധാന വിഭാഗങ്ങളില്‍ ഒഴിവുകള്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട്‌ ഡോക്‌ടര്‍മാരുടെയും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്‌തികയില്‍ മൂന്ന്‌ പേരുടെയും നേത്രരോഗ വിഭാഗത്തില്‍ ഒരാളുടെയും അനസ്‌തീഷ്യ വിഭാഗത്തില്‍ ഒരാളുടെയും ഒഴിവുകളുണ്ടെന്നാണ്‌ വിവരം. നഗരസഭ മുഖേന നിയമിക്കേണ്ട ഒരു ഡോക്‌ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്‌എം) മുഖേന നിയമിക്കേണ്ട ഒരു ഡോക്‌ടറുടെയും തസ്‌തികകളും ഒഴിഞ്ഞുകിടക്കുകയാണ്‌.

നിലവില്‍ ഒരു സൂപ്രണ്ട്‌, ഒരു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ഒരു ഫിസിഷ്യന്‍, രണ്ട്‌ ശിശുരോഗ വിദഗ്‌ധര്‍, ഒരു ഇഎന്‍ടി ഡോക്‌ടര്‍, ഒരു അസിസ്‌റ്റന്റ്‌ സര്‍ജന്‍ എന്നിവരെയാണ്‌ പ്രധാനമായും ആശ്രയിക്കുന്നത്‌. ദന്തല്‍ ഡോക്‌ടറുടെ സേവനവും ലഭ്യമാണ്‌. ആശുപത്രിയില്‍ പരിമിതമായ ഡോക്‌ടര്‍മാരെ ഉപയോഗിച്ചാണ്‌ വിവിധ വിഭാഗങ്ങളിലെ സേവനം ക്രമീകരിക്കുന്നത്‌. നൈറ്റ്‌ ഡ്യൂട്ടിയും അവധിയും ഉള്‍പ്പെടുന്ന ദിവസങ്ങളില്‍ ഡോക്‌ടര്‍മാരുടെ എണ്ണം വീണ്ടും കുറയുന്നതിനാല്‍ ചില ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന ഡോക്‌ടര്‍മാരുടെ സേവനം മാത്രമാണ്‌ ലഭിക്കുന്നതെന്നാണ്‌ രോഗികളുടെ പരാതി.

ഓരോ ദിവസവും വിവിധ വിഭാഗങ്ങളില്‍ ഏത്‌ ഡോക്‌ടറുടെ സേവനം ലഭ്യമാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനം കാര്യക്ഷമമല്ലാത്തതും രോഗികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. ദൂരസ്‌ഥലങ്ങളില്‍നിന്ന്‌ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക്‌ ഡോക്‌ടറുടെ സേവനം ലഭ്യമല്ലെന്നറിയുന്നത്‌ അധിക ദുരിതമാകുകയാണ്‌.മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ താലൂക്ക്‌ ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള നിലവിലുള്ള സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്‌ജമാക്കണമെന്നുമാണ്‌ നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group