ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശം മാറിയതിന് പിന്നാലെ ക്ലബ്ബിനെതിരെയുള്ള ബഹിഷ്കരണം പിൻവലിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ ടീമിന് പിന്തുണയുമായി സ്റ്റേഡിയങ്ങളിലേക്ക് മടങ്ങിയെത്തുമെന്ന് മഞ്ഞപ്പട സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ക്ലബ്ബിലുണ്ടായ നിർണായകമായ മാനേജ്‌മെന്‍റ് മാറ്റങ്ങളെയും പുതിയ തുടക്കത്തെയും ആരാധകർ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
സ്പോർട്ടിങ് ഡയറക്ടറെ മാറ്റിയ പുതിയ മാനേജ്‌മെന്റിന്‍റെ തീരുമാനത്തെ മഞ്ഞപ്പട പൂർണ്ണമായും സ്വാഗതം ചെയ്തു. പുതിയ മാനേജ്‌മെന്‍റിന് കീഴിൽ ക്ലബ്ബിന് മികച്ച ഫുട്ബോൾ ഘടനയും ദീർഘകാല പദ്ധതികളും ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ, ക്ലബ്ബിന്‍റെ സിഇഒ പദവിയിൽ മാറ്റമില്ലാതെ തുടരുന്നതിൽ മഞ്ഞപ്പട പരസ്യമായി നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. മാനേജ്‌മെന്‍റിൽ വരുത്തിയ മറ്റ് മാറ്റങ്ങൾ ആശ്വാസകരമാണെങ്കിലും സിഇഒ തുടരുന്നത് ആരാധകർക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നുണ്ട്.
യുഎഇ ആസ്ഥാനമായുള്ള അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്‍റെ മുഴുവൻ ഓഹരികളും സ്വന്തമാക്കുകയും ആരാധകരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മഞ്ഞപ്പടയുടെ ഈ തീരുമാനം. ഇതോടെ, പുതിയ സീസണിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറികൾ വീണ്ടും മഞ്ഞക്കടലായി മാറുമെന്നുറപ്പായി. ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്, ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശത്തിൽ നിർണായക മാറ്റം പ്രഖ്യാപിച്ചത്.
We stood. We spoke.Now, we move forward.! pic.twitter.com/8Z38LdOFcM— Manjappada (@kbfc_manjappada) September 29, 2026
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കൺസോർഷ്യമായ അൽ ഫുർസാൻ ഗ്രൂപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത്. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പുതിയ മാനേജ്‌മെന്റ് ഈ പ്രഖ്യാപനം നടത്തിയത്.മുൻ ഉടമകളായ മാഗ്നം സ്‌പോർട്സിൽ നിന്നാണ് അൽ ഫുർസാൻ ക്ലബ് പൂർണ്ണമായും വാങ്ങിയത്.ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങളും നിയന്ത്രണവും മലയാളികളുടെ ഉടമസ്ഥതയിലുള്ള ഓഫിയോ സ്പോർട്ടി ആയിരിക്കും നിർവ്വഹിക്കുക.ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർ താരം അഡ്രിയാൺ ലൂണ ടീമിൽ തുടരുമെന്ന് പുതിയ മാനേജ്‌മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. മുഖ്യ പരിശീലകനായി ആഷ്ലി വെസ്റ്റ്‌വുഡ് തന്നെ ടീമിനെ നയിക്കും.
Post a Comment