പിണറായി വിജയൻ്റെ നിലപാടിനെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനം; സിപിഎം പോഡ്കാസ്റ്റിൽ വിശദീകരണവുമായി പി ജയരാജൻ
കണ്ണൂർ:സിപിഎം പോഡ്കാസ്റ്റിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. പിണറായി വിജയൻറെ നിലപാടിനെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് പി ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ പിണറായി പ്രസംഗിക്കുന്നതിന് മുൻപാണ് പോഡ്കാസ്റ്റ് ചിത്രീകരിച്ചത്. താനും പിണറായിയും പറഞ്ഞത് ഒരേ കാര്യമാണ്. സ്വയം വിമർശനം പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനല്ലെന്നും പി ജയരാജൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്നാണ് പി ജയരാജൻ്റെ പരാമർശം.
അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തുമെന്നും രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വി കുഞ്ഞികൃഷ്‌ണൻ, ടികെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും പി ജയരാജൻ പറഞ്ഞു.
പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിലായിരുന്നു. പകരം സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചു. അവരുടേത് താൽക്കാലിക വിജയം മാത്രമാണെന്നും കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും ജയരാജൻ പറഞ്ഞു. അതേസമയം, പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന ജയരാജന്റെ പ്രസ്താവനയോട് സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചില്ല.
إرسال تعليق