12 പവൻ കൊടുത്തു, അവസാനം ബാക്കി താലിമാല മാത്രം, എന്നിട്ടും പീഡനം; കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസെടുത്ത് പൊലീസ്. സജിനും അമ്മയും കൂടുതൽ ആവശ്യപ്പെട്ട് മകളെ പീഡിപ്പിച്ചിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്. ജ്യോതിഷയുടെ ഭർത്താവും അമ്മയും സഹോദരിയുമാണ് കേസിലെ പ്രതികൾ. മാങ്ങാട്ടിടം സ്വദേശിയായ ജ്യോതിഷയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിലെ കിണറ്റിൽ ജീവനൊടുക്കിയത്. കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു ജ്യോതിഷ കിണറ്റിൽ ചാടിയത്. വിവാഹ സമയത്ത് ജ്യോതിഷക്ക് 12 പവൻ സ്വർണവും പണവും സ്ത്രീധനമായി നൽകിയിരുന്നു.
എന്നാൽ ഇനിയും സ്വർണവും പണവും വേണമെന്ന് പറഞ്ഞ് ഭർത്താവ് സജിലും അമ്മ ചന്ദ്രിയും സഹോദരി ജൂനയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും ജ്യോതിഷയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ സംഭവത്തിലാണ് കോടതി നിർദേശപ്രകാരം മൂന്ന് പേർക്കുമെതിരെ പിണറായി പൊലീസ് കേസ് എടുത്തത്. 2022 നവംബർ 20 നായിരുന്നു ജ്യോതിഷയുടേയും പാതിരിയാട് സ്വദേശി സജിലിന്‍റേയും വിവാഹം.
ഇതിനിടെ താലിമാല ഒഴികെ ബാക്കിയുള്ള മുഴുവൻ സ്വർണവും ഭർതൃവീട്ടുകാർ വിറ്റതായി ബന്ധുക്കൾ ആരോപിക്കുന്നു. ജ്യോതിഷ ആത്മഹത്യ ചെയ്യുമ്പോൾ എട്ടര മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ടായിരുന്നു. ജ്യോതിഷ മരിച്ച് ആദ്യ ഘട്ടത്തിൽ കേസ് എടുക്കാൻ പിണറായി പൊലീസ് തയ്യാറായിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ കോടതിയെ സമീപിച്ചത്.
إرسال تعليق