ഡിസംബർ 31നുളളിൽ ആനമതിൽ നിർമ്മാണം പൂർത്തിയാക്കും;ആറളത്ത് ഇനിയൊരു ദുരന്തമുണ്ടായാൽ അതിന്റെ ഉത്തരവാധിത്വം സർക്കാർ ഏറ്റെടുക്കില്ല- മന്ത്രി ഷിബൂ ബേബിജോൺ
ഇരിട്ടി: വിവിധ വകുപ്പുകൾ ആറളം ഫാം നേരിടുന്ന വന്യമൃഗ ശല്യമടക്കമുള്ള വിവിധ വിഷയങ്ങളിൽ കാണിക്കുന്ന അലംഭാവത്തിനെതിരെ ക്ഷുഭിതനായി വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. പ്രശ്‌നം രണ്ട് തവണ മന്ത്രി തലത്തിൽ ചർച്ച ചെയ്ത് ആവശ്യമായ മുൻകരുതിൽ എടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടും അത് ഗൗരവത്തിലെടുക്കാതെ ചോദ്യങ്ങൾക്കു മതിയായ ഉത്തരം നൽകാതെ ചില വകുപ്പുകൾ കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് മന്ത്രി വകുപ്പധികാരികളോടെ ക്ഷോഭിച്ചത്.
ആറളത്ത് ഇനിയൊരുദുരന്തമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കില്ലെന്നുവരെ ഒരു ഘട്ടത്തിൽ മന്ത്രിക്ക് പറയേണ്ടിവന്നു. ആറളം ശലഭോദ്യാനത്തിൽ നടന്ന മന്ത്രിതല അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ അനാസ്ഥക്കെതിരെ മന്ത്രി ക്ഷോഭിച്ചത്.
ഫാമിൽ കാട്ടാന ഭീഷണി രൂക്ഷമായ പുനരധിവാസ മേഖലയിലെ കോട്ടപ്പാറയിലെ ജനങ്ങളെ പുരധിവാസിപ്പിക്കുന്നതിനുള്ള നടപടി വിലയിരുത്തുമ്പോഴാണ് മന്ത്രിക്ക് വിവിധ വകുപ്പ് തലത്തിലെ അനാസ്ഥയും ഏകോപനമില്ലായ്മയും ബോധ്യമായത്.
തിരുവനന്തപുരത്ത് നടന്ന മന്ത്രി തലയോഗത്തിൽ കോട്ടപ്പാറയിലെ ജനങ്ങളെ ആവശ്യമെങ്കിൽ പുനരധിവസിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ജില്ലാ കലക്ടറോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള പുരോഗതി മന്ത്രി യോഗത്തിൽ ആരാഞ്ഞപ്പോഴാണ് ജില്ലാ കളക്ടേറ്റിൽ നിന്നും എത്തിയ ഉദ്ധ്യോഗസ്ഥൻ വ്യക്തതയില്ലാത്ത മറുപടി പറഞ്ഞത്. ആദിവാസി പുനരധിവാസ മിഷൻ അധികൃതരിൽ നിന്നുള്ള വിശദീകരണത്തിലും മന്ത്രിക്കു തൃപ്തി ലഭിച്ചില്ല. ഇതോടെയാണ് മന്ത്രി ഇനിയൊരുദുരന്തം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കില്ലെന്ന് പറയേണ്ടി വന്നത്.
ആനമതിൽ നിർമ്മാണം ഡിസംബർ 31നുള്ളിൽ തന്നെ പൂർത്തിയാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. 9.89 കിലോമീറ്റർ നിർമ്മിക്കേണ്ട അനമതിലിൽ 6.7 കിലോമീറ്റർമാത്രമാണ് പൂർത്തിയായത്. 3.19 കിലോമീറ്റർ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൽ രണ്ട് കിലോമീറ്റർ നിർമ്മാണം ആരംഭിച്ചതായും ബാക്കിയുള്ള 1.19 കിലോമീറ്ററിൽ 500മീറ്ററിൽ കൂപ്പ് റോഡ് നിർമ്മാണം പൂർത്തിയായതായും നിർമ്മാണ ഏജൻസിയായ പൊതുമാരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം യോഗത്തെ അറിയിച്ചു. അവശേഷിക്കുന്ന ഭാഗം റെയിൽ ഫെൻസിങ്ങാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
إرسال تعليق