Join News @ Iritty Whats App Group

എല്‍പിജി വില കൂട്ടിയേക്കും...? നിലവില്‍ ഒരു സിലിണ്ടറിന് നഷ്ടം 300 രൂപ; പെട്രോളിനും വില കൂടും?

എല്‍പിജി വില കൂട്ടിയേക്കും...? നിലവില്‍ ഒരു സിലിണ്ടറിന് നഷ്ടം 300 രൂപ; പെട്രോളിനും വില കൂടും?


ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനവ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിപണന ലാഭവിഹിതത്തെ നഷ്ടത്തിലേക്ക് തള്ളിവിട്ടതിനാലും, ഗാര്‍ഹിക എല്‍പിജിയിലെ നഷ്ടം വര്‍ധിച്ചതിനാലും എണ്ണ വിപണന കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുകയാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വിലയിരുത്തുന്നു.

നിലവില്‍ പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 9 രൂപയും വീതം കമ്പനികള്‍ക്ക് നഷ്ടം നേരിടേണ്ടിവരുന്നുണ്ട്.

സെപ്റ്റംബറില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ഒന്നിന് ഏകദേശം 300 രൂപയുടെ നഷ്ടം ഉണ്ടായെന്നും ഏജന്‍സി കണക്കാക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുമ്പോഴും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത് മൂലം എണ്ണ വിപണന കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 530 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചതും പ്രധാന എണ്ണ വിതരണ പാതകളിലുണ്ടായ തടസങ്ങളുമാണ് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനും എണ്ണ വിപണന കമ്പനികളുടെ ചെലവ് കൂടാനും കാരണമായതെന്ന് റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടി. 'പശ്ചിമേഷ്യയിലെ സംഘര്‍ഷം വര്‍ധിച്ചതും വിതരണ പാതകളിലെ തടസ്സങ്ങളും കാരണം സമീപ ആഴ്ചകളില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു.

ഇത് എണ്ണ വിപണന കമ്പനികള്‍ക്ക് വലിയ വിപണന നഷ്ടത്തിനും എല്‍പിജിയില്‍ നഷ്ടം നേരിടുന്നതിനും കാരണമായി,' ഐസിആര്‍എ സീനിയര്‍ വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് സെക്ടര്‍ റേറ്റിംഗ്സ് വിഭാഗം മേധാവിയുമായ പ്രശാന്ത് വസിഷ്ഠ് പറഞ്ഞു.

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും വിതരണ തടസങ്ങള്‍ക്കുമിടയില്‍, 2025-26 കാലയളവിലെ ശരാശരി വിലയായ ബാരലിന് ഏകദേശം 66 ഡോളറില്‍ നിന്ന് 2026 സെപ്റ്റംബര്‍ 21-ഓടെ ഇന്ത്യന്‍ ക്രൂഡ് ബാസ്‌ക്കറ്റ് വില ബാരലിന് 117.4 ഡോളറായി ഉയര്‍ന്നു. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും മാറ്റമില്ലാത്ത ആഭ്യന്തര ഇന്ധന വിലയും എണ്ണ വിപണന കമ്പനികളുടെ ലാഭക്ഷമതയെയും പണമൊഴുക്കിനെയും ബാധിക്കുമെന്ന് ഐസിആര്‍എ വ്യക്തമാക്കി.

പ്രവര്‍ത്തന മൂലധനത്തിനായുള്ള ഉയര്‍ന്ന ആവശ്യകത നിറവേറ്റുന്നതിനായി കമ്പനികള്‍ക്ക് ഹ്രസ്വകാല വായ്പകള്‍ വര്‍ധിപ്പിക്കേണ്ടി വന്നേക്കാം. ഗാര്‍ഹിക എല്‍പിജിയിലെ സമ്മര്‍ദ്ദവും വര്‍ധിച്ചിട്ടുണ്ട്. 2026 ജൂണ്‍ 30-ലെ കണക്കനുസരിച്ച്‌ എല്‍പിജിയിലെ ആകെ നഷ്ടം 61,940 കോടി രൂപയാണെന്ന് ഐസിആര്‍എ അറിയിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഓരോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിലും ഏകദേശം 500 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്.

സെപ്റ്റംബറില്‍ ഇത് ഏകദേശം 300 രൂപയായി തുടര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയും, അതേസമയം ആഭ്യന്തര വില്‍പന വില വര്‍ദ്ധിപ്പിക്കാതിരിക്കുകയോ അധിക സര്‍ക്കാര്‍ സഹായം ലഭിക്കാതിരിക്കുകയോ ചെയ്താല്‍ എല്‍പിജി വില്‍പനയിലെ നഷ്ടം ഇനിയും വര്‍ധിക്കുമെന്ന് ഐസിആര്‍എ വ്യക്തമാക്കി. എണ്ണ വിപണന കമ്പനികളുടെ വരുമാന സാധ്യത ക്രൂഡ് ഓയില്‍, ഇന്ധന വിലകളെ ആശ്രയിച്ചിരിക്കുന്നു.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില, ഉല്‍പ്പന്നങ്ങളുടെ വില വ്യത്യാസം, ചില്ലറ ഇന്ധന വിലയിലെ മാറ്റങ്ങള്‍, എല്‍പിജി വില്‍പനയിലെ നഷ്ടം നികത്തുന്നതിനുള്ള സര്‍ക്കാര്‍ സഹായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും 2026-27-ല്‍ ക്രൂഡ് ഓയില്‍ വിലവര്‍ധനവ് എണ്ണ വിപണന കമ്പനികളുടെ വരുമാനത്തെ ബാധിക്കുകയെന്ന് ഐസിആര്‍എ ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group