Join News @ Iritty Whats App Group

കാര്‍ഗോ കോംപ്ലക്‌സിന്‍റെയും സോളാര്‍ പ്ലാന്‍റിന്‍റെയും ഉദ്ഘാടനം 28ന്

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന്‍റെയും സോളാര്‍ പ്ലാന്‍റിന്‍റെയും ഉദ്ഘാടനം 28ന്


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിർമിച്ച അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിന്റെയും സോളാർ പ്ലാന്റിന്റെയും ഉദ്ഘാടനം 28ന് നടക്കും.

രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. കെ. സുധാകരൻ എംപി, വി.കെ. സനോജ് എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കും.

എയർ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിനു സമീപത്ത് 5800 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു കാർഗോ കോംപ്ലക്സ് നിർമിച്ചത്. അന്നത്തെ ആരോഗ്യ മന്ത്രി കെ. കെ. ശൈലജയാണ് കാർഗോ കോംപ്ലക്സിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ദീർഘകാല വികസന സാധ്യത കണക്കിലെടുത്താണ് 63000 ടണ്‍ ശേഷിയുള്ള കാർഗോ കോംപ്ലക്സ് നിർമിച്ചത്. കണ്ണൂർ, കാസർഗോഡ്, കുടക് ജില്ലകളില്‍ നിന്നും വടകര മേഖലയില്‍ നിന്നുമാണ് കാർഗോ വഴി കാർഷികോത്പന്നങ്ങള്‍ കയറ്റുമതിക്ക് സാധ്യതയുള്ളത്.

പഴം, പച്ചക്കറി ഉള്‍പ്പെടെയാണു കയറ്റിറക്കുണ്ടാകുക. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനും കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാണു കാർഗോ കോംപ്ലക്സ് നിർമിച്ചത്. വിശാലമായ അന്താരാഷ്ട്ര കാർഗോ സോണിനു പുറമെ ആഭ്യന്തര കയറ്റുമതി-ഇറക്കുമതിക്കായുള്ള പ്രത്യേക വിഭാഗവും കോംപ്ലക്സിലുണ്ടാകും.

കാർഗോ കോംപ്ലക്സിന്റെ പ്രവർത്തനം നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും വിദേശ വിമാനങ്ങള്‍ സർവീസ് തുടങ്ങിയാലാണു കൂടുതല്‍ കയറ്റുമതിക്ക് സാധ്യതയുണ്ടാകുക. 5800 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ നിർമിച്ച കാർഗോ കോംപ്ലക്സ് മലബാറിലെ വാണിജ്യകേന്ദ്രമെന്ന നിലയില്‍ ഉയരാൻ കണ്ണൂരിന് കഴിയുമെന്നാണു പ്രതീക്ഷ.

കാർഗോ കോംപ്ലക്സ് യാഥാർഥ്യമായതോടെ വിദേശ വിമാനങ്ങള്‍ക്ക് സർവീസിനുള്ള അനുമതി കൂടി ലഭിച്ചാല്‍ വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും വരുമാന വർധനവിനും സഹായകമാകും.

നാലു മെഗാവാട്ടിന്റെ സോളാർ പ്ലാന്റാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. പ്ലാന്റ് പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ വിമാനത്താവളത്തിലെ പകല്‍സമയ വൈദ്യുതി ഉപയോഗം പൂർണമായും സൗരോർജത്തിലാകും. 18 കോടി രൂപ ചെലവഴിച്ചാണു സോളാർ പ്ലാന്റ് നിർമിച്ചിട്ടുള്ളത്. വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലും പരിസര പ്രദേശങ്ങളിലുമായാണു സോളാർ പ്ലാന്റ് സ്ഥാപിച്ചത്. കിയാലും ഓറിയാന പവർ എന്ന കമ്പനിയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിലെ വൈദ്യുത ചാർജ് ഇനത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവുണ്ടാക്കാൻ സോളാർ പദ്ധതിയിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ.

Post a Comment

أحدث أقدم
Join Our Whats App Group