Join News @ Iritty Whats App Group

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പിതാവിനെ മകൻ വെടിവച്ച് കൊലപ്പെടുത്തി

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പിതാവിനെ മകൻ വെടിവച്ച് കൊലപ്പെടുത്തി


ചണ്ഡീഗഡ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ പിതാവിനെ 18-കാരനായ മകൻ തലയ്ക്ക് വെടിവെച്ചുകൊന്നു. ചണ്ഡീഗഡ് പോലീസിലെ ഹെഡ് കോൺസ്റ്റബിളായ നിതിൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അർമാനെ പോലീസ് അറസ്റ്റ് ചെയ്തു. ഛണ്ഡീഗഡ് സെക്ടർ 22-ലെ ഔദ്യോഗിക വസതിയിലാണ് വെടിയേറ്റ നിലയിൽ നിതിൻ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയെ ഉടനടി വിവാഹം കഴിക്കണമെന്ന് അർമാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ, നിയമപരമായ വിവാഹപ്രായമായ 21 വയസ്സ് പൂർത്തിയായേലേ വിവാഹം നടത്താനാകൂ എന്ന് നിതിൻ സിംഗ് മകനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള മകന്റെ ആവശ്യവും ഇദ്ദേഹവും ഭാര്യയും നിരസിച്ചു. പലതരം ആവശ്യങ്ങൾക്കായി അർമാൻ പിതാവിനോട് പണവും ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ അർമാൻ അനധികൃതമായി കൈവശം വെച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിന്റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. അമ്മയുടെ കഴുത്തിന് പിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. അമ്മ ഓടി മേൽക്കൂരയിൽ കയറി ബഹളം വെച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തി. വിവരം പൊലീസിൽ അറിയിച്ചു. പുറത്തുനിന്നെത്തിയ ആരോ ആണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് വരുത്തിത്തീർക്കാൻ അർമാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ ചോദ്യം ചെയ്യലിൽ കുറ്റം തെളിഞ്ഞു. യാതൊരു പശ്ചാത്താപവുമില്ലാതെയാണ് അർമാൻ പെരുമാറിയതെന്നും റിപ്പോർട്ടുണ്ട്. പ്രതി മുൻപും പല കുറ്റകൃത്യത്തിലും ഏർപ്പെട്ടയാളാണ്. ഈ വർഷം ആദ്യം അർമാൻ ഓടിച്ച വാഹനം ഇടിച്ച് രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്.

ചണ്ഡീഗഡ് പോലീസ് ആസ്ഥാനത്താണ് കൊല്ലപ്പെട്ട നിതിൻ സിംഗ് ജോലി ചെയ്തിരുന്നത്. പ്രതിയുടെ നാടൻ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അർമാനെതിരെ കൊലപാതകം, ആംസ് ആക്ട് (അനധികൃത ആയുധ ഉപയോഗം) തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. തോക്ക് ഇയാൾക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group