Join News @ Iritty Whats App Group

വരുന്നു ഡിജിറ്റല്‍ പൂട്ട്; സെപ്റ്റംബര്‍ 15 കഴിഞ്ഞാൽ യുപിഐ ഇടപാടുകള്‍ താറുമാറായേക്കും! ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍

വരുന്നു ഡിജിറ്റല്‍ പൂട്ട്; സെപ്റ്റംബര്‍ 15 കഴിഞ്ഞാൽ യുപിഐ ഇടപാടുകള്‍ താറുമാറായേക്കും! ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍


രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് മേഖലയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 15-ന് അവസാനിക്കാനിരിക്കെ, രാജ്യത്തെ പേയ്‌മെന്റ് രംഗം കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കൃത്യസമയത്ത് കെവൈസി പുതുക്കാത്ത പക്ഷം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുപിഐ ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന ചെറുകിട ഓഫ്‌ലൈന്‍ വ്യാപാരികളില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ക്ക് സമയപരിധിക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകാതെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ക്രോസ്- ബോര്‍ഡര്‍ (അതിര്‍ത്തി കടന്നുള്ള സേവനങ്ങള്‍) ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, കോടിക്കണക്കിന് വ്യാപാരികളുടെ കെവൈസി പൂര്‍ത്തിയാകാത്തതിനെക്കുറിച്ചോ സമയപരിധിക്ക് മുന്‍പ് ഇത് എങ്ങനെ തീര്‍പ്പാക്കുമെന്നതിനെക്കുറിച്ചോ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎം , ഫോണ്‍പേ , ഗൂഗിള്‍ പേ എന്നിവ പ്രതികരിച്ചിട്ടില്ല.

എന്താണ് ഈ പുതിയ നിയമം?

2025 സെപ്റ്റംബറിലാണ് ആര്‍ബിഐ മാസ്റ്റര്‍ ഡയറക്ഷനുകള്‍ പുതുക്കി പരിഷ്‌കരിച്ച് പുറത്തിറക്കിയത്. പേയ്‌മെന്റ് അഗ്രിഗേറ്ററുകളെ പിഎ-ഓണ്‍ലൈന്‍, പിഎ-ഫിസിക്കല്‍, പിഎ-ക്രോസ് ബോര്‍ഡര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചതും ഇതിലൂടെയാണ്. നിലവിലുള്ള എല്ലാ വ്യാപാരികളുടെയും പൂര്ണ്ണമായ റീ-കെവൈസി 2026 സെപ്റ്റംബര്‍ 15-നകം പൂര്‍ത്തിയാക്കണമെന്നും, അല്ലാത്തപക്ഷം അവരുടെ പണമിടപാടുകള്‍ നിര്‍ത്തിവെയ്ക്കണമെന്നുമാണ് കേന്ദ്രബാങ്കിന്റെ നിര്‍ദേശം. 2026 ജനുവരി 1 മുതല്‍ പുതുതായി ചേരുന്ന വ്യാപാരികള്‍ക്ക് പണം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ കെവൈസി നിര്‍ബന്ധമാക്കിയിരുന്നു.

ആരെയൊക്കെ ബാധിക്കും?

ഔദ്യോഗിക രേഖകള്‍ കയ്യിലില്ലാത്ത സാധാരണക്കാരായ പെട്ടിക്കടക്കാരെയും തട്ടുകടക്കാരെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. സങ്കീര്‍ണ്ണമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ചെറുകിടക്കാരാണ് ഇവരില്‍ ഭൂരിഭാഗവും. നിയമങ്ങള്‍ ഏകീകൃതമാക്കുക എന്നതാണ് ആര്‍ബിഐ ലക്ഷ്യമിടുന്നതെങ്കിലും, സാധാരണ ചെറിയ കടക്കാര്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെന്ന് പ്രമുഖ പേയ്‌മെന്റ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേസമയം, യുപിഐ സൗണ്ട് ബോക്‌സുകള്‍ ഉപയോഗിക്കുന്ന 85 മുതല്‍ 90 ശതമാനം വരെ വ്യാപാരികളും കെവൈസി പൂർത്തിയാക്കാൻ സാധ്യതയുണ്ട്. സാധാരണ ക്യൂആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ ഉപയോഗിക്കുന്ന ചെറുകിടക്കാര്‍ സമയപരിധി പാലിക്കാനാണ് കൂടുതല്‍ സാധ്യത. ഈ സാധാരണ വ്യാപാരികള്‍ വഴിയുള്ള ഇടപാടുകളുടെ ആകെ തുകയും അളവും കുറവായതിനാല്‍ രാജ്യത്തെ ആകെയുള്ള ഡിജിറ്റല്‍ പണമിടപാട് വ്യവസ്ഥയെ ഇത് വലിയ തോതില്‍ ബാധിച്ചേക്കില്ല. സമയപരിധിക്കുള്ളില്‍ 80 ശതമാനം കെവൈസിയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പേയ്‌മെന്റ് അഗ്രിഗേറ്റർമാർ.

Post a Comment

أحدث أقدم
Join Our Whats App Group