കണ്ണൂര്‍ ജില്ലയിലെ 1186 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി ; 84 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി, 3 ഹോട്ടലുകള്‍ അടച്ചു പൂട്ടി
കണ്ണൂർ: ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ 1186 ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
100 സ്‌ക്വാഡുകള്‍ ഒറ്റ ദിവസത്തെ പരിശോധനയില്‍ പങ്കെടുത്തു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഡ- സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്‍പാദക കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുക, ശുചിത്വമില്ലായ്മ, മലിനജലം പുറത്തേക്ക് ഒഴുക്കി വിടുക, മാലിന്യം ശരിയായി സംസ്‌ക്കരിക്കാതിരിക്കുക, പകർച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഹെല്‍ത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുക എന്നീ ന്യൂനതകള്‍ കണ്ടെത്തിയ 84 കടകള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരമുള്ള നോട്ടീസ് നല്‍കി. തളിപ്പറമ്പ്, പേരാവൂർ, മുണ്ടേരിമൊട്ട എന്നിവിടങ്ങളില്‍ ഗുണനിലവാര സർട്ടിഫിക്കറ്റോ ജീവനക്കാർക്ക് ഹെല്‍ത്ത് കാർഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയില്‍ പ്രവർത്തിച്ച 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാൻ നിർദേശം നല്‍കി.
അതോടൊപ്പം പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിനും പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിനും 8400 രൂപ കോട്പ ആക്‌ട് പ്രകാരം പിഴ ഈടാക്കി. വിവിധ കടകളുടെ വാട്ടർ ടാങ്കിന്റെ ശുചിത്വം, അതിഥി തൊഴിലാളി വിവരങ്ങള്‍ എന്നിവയും സംഘം പരിശോധിച്ചു. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
إرسال تعليق