കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഓണത്തിന് ശേഷം; ഡൽഹിയിൽ ചർച്ചകൾ സജീവം, പരിഗണനയിൽ ഏഴ് പേരുകൾ
പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾക്കായി വി.ഡി. സതീശൻ വീണ്ടും ഡൽഹിയിലെത്തും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും വിഷയം ചർച്ച ചെയ്യാൻ സാധിച്ചിരുന്നില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് സംസ്ഥാനത്തെത്തി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും.
പ്രവർത്തക സമിതി യോഗത്തിനായി ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല അവിടെ തുടരുകയാണ്. ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. നിലവിൽ ജോസഫ് വാഴയ്ക്കന് രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം വി.ഡി. സതീശൻ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള നിലപാട് അറിയിച്ചിരുന്നു.
അധ്യക്ഷ തിരഞ്ഞെടുപ്പിലെ ചർച്ചകൾ ഇനിയും നീണ്ടുപോകരുതെന്നാണ് നേതാക്കൾക്കിടയിലെ പൊതുവായ ആവശ്യം. കഴിവും പ്രാപ്തിയുമുള്ള നിരവധി നേതാക്കൾ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്ന് കെ. സുധാകരൻ എം.പി. പറഞ്ഞു. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിലപാട്.
ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവമായി പരിഗണനയിലുള്ളത്. ഓണത്തിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.
إرسال تعليق