സെപ്റ്റംബറിൽ പ്രത്യേക പാർലമെന്റ് സമ്മേളനം? വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരിഗണിക്കാൻ കേന്ദ്ര നീക്കം
വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാനുള്ള നീക്കവുമായി സെപ്റ്റംബറിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. എന്നാൽ പ്രതിപക്ഷവുമായി ആവശ്യമായ കൂടിയാലോചനകൾ നടത്താതെ ബില്ലുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
സെപ്റ്റംബർ മൂന്നാം വാരത്തിൽ പ്രത്യേക സമ്മേളനം ചേരാനാണ് കേന്ദ്രത്തിന്റെ നീക്കം. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാൽ ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ, എസ്‌സിഒ, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര ഉച്ചകോടികളുടെ സമയക്രമം കൂടി പരിഗണിച്ച ശേഷമാകും സമ്മേളനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ബില്ലുകൾ സംബന്ധിച്ച് സമഗ്രമായ ചർച്ച വേണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുന്‍ ഖർഗെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കൃത്യമായ സർവകക്ഷി യോഗം വിളിച്ച് വിഷയത്തിൽ അഭിപ്രായങ്ങൾ തേടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
നിലവിലെ 543 ലോക്‌സഭാ സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. ഇതിനൊപ്പം മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള നടപടികൾ അടുത്ത 25 വർഷത്തേക്ക് ഒഴിവാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
Post a Comment