Join News @ Iritty Whats App Group

വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ അപകടം ബോധ്യപ്പെട്ടിരുന്നു, യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു; കോൺഗ്രസിനെതിരെ പി.വി അൻവർ

വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ അപകടം ബോധ്യപ്പെട്ടിരുന്നു, യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു; കോൺഗ്രസിനെതിരെ പി.വി അൻവർ


നിലമ്പൂർ: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി പി.വി അൻവർ. ബേപ്പൂരിലെ യു ഡി എഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിൽ തനിക്ക് വോട്ട് കുറഞ്ഞെന്നും എന്നാൽ ഇടതു ശക്തികേന്ദ്രങ്ങളിൽ വോട്ട് ലഭിച്ചെന്നും അൻവർ ആരോപിച്ചു. സംസ്ഥാനത്തെയും ജില്ലയിലെയും യുഡിഎഫിന്റെ നേതൃത്വത്തോട് അന്ന് രസകരമായി ഞാൻ പറഞ്ഞത് "മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് ഞാൻ സംഘടിപ്പിക്കും എന്നാൽ, നമുക്ക് വിജയിക്കാനുള്ള വോട്ട് നിങ്ങൾ സംഘടിപ്പിക്കണം" എന്നായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാൻ വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ തന്നെ എനിക്ക് അപകടം ബോധ്യപ്പെട്ടിരുന്നുവെന്ന് അൻവർ ആരോപിച്ചു.

ഫറോക്ക് മുൻസിപ്പാലിറ്റി, രാമനാട്ടുകര മുനിസിപ്പാലിറ്റി, ചെറുവണ്ണൂർ നല്ലളം മേഖല, തുടങ്ങിയ ഇടങ്ങളിൽ നിന്നുണ്ടായ വോട്ട് ചോർച്ച പ്രത്യക്ഷത്തിൽ തന്നെ കാണാവുന്നതാണ്. ഈ മൂന്നിടത്തുനിന്നും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വോട്ടുകളാണ് പരാജയത്തിന്റെ ആഘാതം കുറച്ചത്. ബേപ്പൂരും കടലുണ്ടിയിലും വോട്ട് ചോർന്നെങ്കിലും ഇടതുപക്ഷത്തിൽ നിന്നും ലഭിച്ച വോട്ട് കൊണ്ട് അത് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കില്ല.ഇടതുപക്ഷ കേന്ദ്രങ്ങളിൽ എല്ലാം വോട്ടുകൾ ലഭിച്ചപ്പോൾ,നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് യുഡിഎഫ് കേന്ദ്രങ്ങളാണ്. ഫോം 20 കൃത്യമായി വിശകലനം ചെയ്താൽ ഇക്കാര്യം മനസ്സിലാകും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപരന്മാർ ഉണ്ടായിരുന്നത് എനിക്കായിരുന്നുവെന്നും അൻവർ പറയുന്നു. നാലുപേർ ആകെ പിടിച്ചത് 1469 വോട്ടുകളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ പ്രചരണം നടത്താൻ തെരഞ്ഞെടുത്തതും ബേപ്പൂർ ആയിരുന്നു. ബിജെപിക്ക് വർദ്ധിച്ച വോട്ടുകളെല്ലാം കൂട്ടത്തോടെ എന്‍റെ എതിർ സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായി. അവസാന നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ഇടതുപക്ഷ സ്ഥാനാർത്ഥി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്നും പോരാട്ടം നയിക്കേണ്ട ഉത്തരവാദിത്വം ഞാൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നുവെന്നും അൻവർ കുറ്റപ്പെടുത്തുന്നു.

യുഡിഎഫ് ഭരിക്കുന്ന മുൻസിപ്പാലിറ്റികളായ ഫറൂഖിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച പോലെ ലീഡ് ഉണ്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ ചരിത്രം തന്നെ മറ്റൊന്നായേനെയെന്ന് അൻവർ പറയുന്നു. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയും,യുഡിഎഫിലെ യുവ സംഘടനകളും മറ്റു ബഹുജന സംഘടനകളും എല്ലാം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും സൗകര്യങ്ങളും എന്റെ കഴിവിന്റെ പരമാവധി ചെയ്തു കൊടുക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.എന്നിട്ടും തിരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തിലൂടെ നടത്തിയ യാത്രയിൽ വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കപ്പെടാത്ത പോസ്റ്ററുകളും ചില കേന്ദ്രങ്ങളിൽ ഉണ്ടായത് എന്നെ അത്യധികം വേദനിപ്പിച്ചുവെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി സർക്കാർ ഏകാധിപത്യ പ്രവണതയും,ഉദ്യോഗസ്ഥ ഭരണവും കൊണ്ട് ജനഹിതം മറന്നപ്പോൾ ഞാൻ നടത്തിയ പോരാട്ടങ്ങളെ തള്ളിപ്പറയാൻ ഇതു വായിക്കുന്ന നിങ്ങൾക്ക് സാധിക്കുമോ? ഉണ്ടായിരുന്ന സ്ഥാനമാനങ്ങളെ ത്യജിച്ചു കൊണ്ട് സ്വന്തം രാഷ്ട്രീയ ഭാവിക്കോ,ജീവനോ സ്വത്തിനോ പോലും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ ഭയപ്പെടാതെ, ഉന്നയിച്ച വിഷയങ്ങളിൽ അവസാന നിമിഷം വരെ നീതിക്കുവേണ്ടി പോരാടാൻ ഞാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതിൽ എനിക്ക് അനല്പമായ സന്തോഷം ഇന്നുമുണ്ട്. ഈ സർക്കാർ നിലവിൽ വരാൻ ഉണ്ടായ കാരണങ്ങളിലെ എന്റെ സംഭാവനകളെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ,അവഗണിച്ചാലും വിസ്മരിച്ചാലും ഞാൻ നയിച്ച ആ പോരാട്ടത്തിന് സമാനമായ മറ്റൊന്നുണ്ടാകുന്നതുവരെ ഞാൻ കുറിച്ച ചരിത്രം മഷി ഉണങ്ങാതെ രേഖപ്പെട്ടു കിടക്കും- അൻവർ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group