വലിയ വിമാനങ്ങള്‍ ഇല്ല; കരിപ്പൂരില്‍ ഇത്തവണയും ഹജ്ജിന് ചെലവേറും
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീർഥാടനത്തിന് ഇത്തവണയും നെടുമ്പാശ്ശേരി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളേക്കാള്‍ ചെലവേറും.
കരിപ്പൂർ റണ്‍വേ റെസ നിർമാണം പൂർത്തിയാകാത്തതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയ വിമാനങ്ങളാവും ഇത്തവണയും സർവിസിനെത്തുക. ടെൻഡർ ഈമാസം ക്ഷണിക്കും. കരിപ്പൂർ റണ്‍വേ റെസ നിർമാണം 60 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായത്. മഴ കാരണം ജോലികള്‍ നിർത്തിവച്ചിരിക്കുകയാണ്. കേരളത്തില്‍നിന്ന് ഈവർഷം 11,139 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ഇതില്‍ 1625 തീർഥാടകരാണ് കരിപ്പൂർ തിരഞ്ഞെടുത്തത്. 6493 പേർ കൊച്ചി വഴിയും 3021 തീർഥാടകർ കണ്ണൂർ വഴിയും യാത്ര തിരിക്കും. കണ്ണൂരിലും കൊച്ചിയിലും വലിയ വിമാനങ്ങള്‍ സർവിസുള്ളതിനാല്‍ വിമാന നിരക്ക് താരതമ്യേന കുറയും. എന്നാല്‍ കരിപ്പൂരില്‍ സർവിസ് നടത്തുന്ന ചെറിയ വിമാനങ്ങള്‍ നേരിട്ട് ജിദ്ദയിലേക്ക് പറക്കാൻ കഴിയില്ല. ഇടത്താവളങ്ങളില്‍ ഇറങ്ങിയും ലഗേജ് കുറച്ചുമായിരിക്കും സർവിസ്. ഇതോടെ കരിപ്പൂരില്‍ നിന്ന് ടെൻഡർ ഏറ്റെടുക്കുന്ന വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്യും.
കഴിഞ്ഞ വർഷം നെടുമ്പാശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കാള്‍ കരിപ്പൂരില്‍ 20,000 രൂപ അധികമായിരുന്നു. അതിന് മുൻപാകട്ടെ 36,000 രൂപയും കൂടുതലായിരുന്നു. എയർഇന്ത്യയാണ് സർവിസിന് ടെൻഡർ എടുക്കുന്നതെങ്കില്‍ നിരക്ക് കുത്തനെ കൂടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ ഫ്ളൈ നാസാണ് കരിപ്പൂരിലെ ഹജ്ജ് സർവിസുകള്‍ ഏറ്റെടുത്തിരുന്നത്.
Post a Comment