'അവനിട്ട ജാക്കറ്റ് അഴിച്ചുതന്ന് എന്നെ മറുകരയില്‍ എത്തിച്ചു';രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ രാജേഷ് രക്ഷിച്ചയാള്‍
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിനായി തിരച്ചില്‍ തുടരുന്നു.
കുടുങ്ങിക്കിടന്ന വ്യക്തിയെ രക്ഷപ്പെടുത്തി മറുകരയില്‍ എത്തിക്കുന്നതിനിടെയാണ് രാജേഷ് അപകടത്തില്‍ പെട്ടത്. കണ്‍മുന്നില്‍ നിന്നാണ് രാജേഷ് ഒഴുക്കില്‍ പെട്ടതെന്നും കണ്ടുനില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ രാജേഷിനൊപ്പം ഉണ്ടായിരുന്ന മനു പറഞ്ഞു. നിമിഷനേരം കൊണ്ട് എന്തൊക്കെയോ സംഭവിച്ചുവെന്നും മനു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു രാജേഷിന്റെ സുഹൃത്തായ മനുവിന്റെ വൈകാരിക പ്രതികരണം.
'നിമിഷനേരം കൊണ്ട് എന്തൊക്കെയോ സംഭവിച്ചു. ആളുകളെ രക്ഷപ്പെടുത്താം എന്ന് പറഞ്ഞാണ് രാജേഷ് ഓടിപ്പോയത്. രാജേഷിന്റെ പിതാവും ബന്ധുക്കളും സ്ഥലത്തുണ്ട്. എവിടെയെങ്കിലും പിടിച്ച് രക്ഷപ്പെട്ട് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. പ്രളയസമയത്ത് ഒരുപാട് ആളുകളെ രക്ഷിച്ച ആളാണ് രാജേഷ്. ഈ ഒഴുക്കും അവന്‍ അതിജീവിക്കും': മനു പറഞ്ഞു.
ധരിച്ചിരുന്ന ജാക്കറ്റ് തനിക്ക് ഊരിത്തന്നാണ് രക്ഷപ്പെടുത്തിയതെന്ന് രാജേഷ് അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പ് രക്ഷപ്പെടുത്തിയ ബെന്നിയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'എനിക്ക് ആ പ്രദേശത്ത് കൃഷിയുണ്ട്. അങ്ങോട്ട് മോട്ടര്‍ വയ്ക്കാനും മറ്റുമായി പോയതാണ്. പത്തുമിനിറ്റ് ആപ്പോഴേക്കും വെളളം കയറി. നിയന്ത്രിക്കാനാവാത്ത അവസ്ഥയായി. എന്റെ കഴുത്തോളം വെളളമായി. ഞാന്‍ ഉടനെ മെമ്പറെ വിളിച്ചുപറഞ്ഞു. പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. കയര്‍ തന്നു. അവന്‍ എനിക്ക് ഇട്ടിരുന്ന ജാക്കറ്റ് ഊരിത്തന്നു. കയറില്‍ പിടിച്ച് ഇക്കരെയ്ക്ക് വന്നു. അതിനിടെയാണ് രാജേഷ് വെളളത്തില്‍ വീണത്' ബെന്നി പറഞ്ഞു.
തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആര്‍ രാജേഷിനെ(36) രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍ പെട്ടാണ് കാണാതായത്. ബെന്നിയെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മീന്തുളളി വാട്ടര്‍ ഫാള്‍സിലെ റെപ്പല്ലിംഗ് ഇന്‍സ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളും ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം അഞ്ചരയോടെയാണ് മീന്തുളളി തുരുത്തില്‍ ഒരാള്‍ ഒറ്റപ്പെട്ടതായി അറിയുന്നത്. ഇവര്‍ കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തി തുരുത്തിലെത്തി. രാജേഷ് തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച് കയറില്‍ തൂങ്ങി ഇക്കരെയ്ക്ക് തിരിച്ചു. എന്നാല്‍ കുത്തനെയുളള ഒഴുക്ക് ശക്തമായതോടെ കയറിലെ പിടി വിടുകയായിരുന്നു.
Post a Comment