Join News @ Iritty Whats App Group

സഭ നിർത്തിവെച്ചപ്പോൾ അഖിലേഷ് യാദവ് പോയത് രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക്, ഒപ്പം പ്രിയങ്കാ ​ഗാന്ധിയും; കൂടിക്കാഴ്ച നീണ്ടത് ഒരുമണിക്കൂറോളം

സഭ നിർത്തിവെച്ചപ്പോൾ അഖിലേഷ് യാദവ് പോയത് രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക്, ഒപ്പം പ്രിയങ്കാ ​ഗാന്ധിയും; കൂടിക്കാഴ്ച നീണ്ടത് ഒരുമണിക്കൂറോളം


ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനിടെ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സമാജ് വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവും പ്രത്യേക കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പ്രതിപക്ഷ ബഹളം കാരണം സഭ നിർത്തിവെച്ച വേളയിലാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ മൂവരും കൂടിക്കാഴ്ച നടത്തിയത്. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും അയോധ്യ ക്ഷേത്രത്തിലെ കാണിക്കക്കൊള്ള വിവാ​ദവും ഉൾപ്പെടെ ചർച്ചയായെന്നാണ് റിപ്പോർട്ട്. അതേസമയം, കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത വിഷയങ്ങൾ എന്തൊക്കെയാണെന്ന് ബന്ധപ്പെട്ടവരാരും ഔദ്യോ​ഗികമായി വ്യക്തമാക്കിയിട്ടില്ല.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും അയോധ്യ ക്ഷേത്രക്കൊള്ളയിലും പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെയാണ് കഴിഞ്ഞദിവസം സഭ നിർത്തിവെച്ചത്. തുടർന്ന് ഡിംപിൾ യാദവ് അടക്കമുള്ള ചില സമാജ് വാദി പാർട്ടി എംപിമാർ ജന്തർമന്തറിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനായി പോയി. എന്നാൽ, അഖിലേഷ് യാദവും മറ്റുചില എംപിമാരും രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്കാണ് പോയത്. തുടർന്നാണ് മൂന്ന് നേതാക്കളും ചർച്ച നടത്തിയത്. അഖിലേഷിനൊപ്പം ആവദേശ് പ്രസാദ് അടക്കമുള്ള സമാജ് വാദി എംപിമാർ ഉണ്ടായിരുന്നെങ്കിലും ഇവരാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ലെന്നും റിപ്പോർട്ടുകളിലുണ്ട്.

2027-ൽ ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യാസഖ്യം ഇപ്പോൾത്തന്നെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കുന്നതായാണ് സൂചന. 403 സീറ്റുകളിൽ 200 സീറ്റ് ആവശ്യപ്പെടാനാണ് കോൺ​ഗ്രസ് ആലോചിക്കുന്നതെങ്കിലും 100 സീറ്റെങ്കിലും ലഭിക്കുമെന്നാണ് കണക്കുക്കൂട്ടൽ. മാത്രമല്ല, ഇന്ത്യാസഖ്യത്തിന് ശക്തമായ സാന്നിധ്യമുള്ള മേഖലകളിൽ കൂടുതൽ സീറ്റ് വേണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടേക്കും. തങ്ങൾക്ക് കൂടുതൽ സീറ്റ് നൽകുന്നത് ദളിത് വോട്ടർമാരെ ഇന്ത്യാസംഖ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നും കോൺ​ഗ്രസ് വാദിക്കുന്നുണ്ട്.

അതേസമയം, സീറ്റ് വിഭജനത്തിൽ അഖിലേഷ് യാദവിന് വ്യത്യസ്തമായ നിലപാടാണെന്നാണ് റിപ്പോർട്ട്. സീറ്റ് വിഭജനത്തിൽ ജയസാധ്യത മാത്രമേ പരി​ഗണിക്കാൻ കഴിയുകയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ സാഹചര്യത്തിൽ കോൺ​ഗ്രസ് ആവശ്യപ്പെടുന്ന സീറ്റുകൾക്കൊപ്പം ഈ സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയും അഖിലേഷ് യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ജയസാധ്യത പരിശോധിച്ച് മാത്രം സീറ്റ് നൽകിയാൽ മതിയെന്നാണ് തീരുമാനമെന്നും പറയുന്നു.

2027-ലെ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ പ്രധാന്യത്തോടെയാണ് എസ്പിയും ഇന്ത്യാസഖ്യവും നോക്കിക്കാണുന്നത്. ഉത്തർപ്രദേശിലെ ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നതായാണ് അഖിലേഷ് യാദവിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ജയിക്കാൻ താഴേക്കിടയിൽ ബൂത്ത് തലം മുതലുള്ള പ്രവർത്തനം ആവശ്യമാണ്. എന്നാൽ, കോൺ​ഗ്രസിന് താഴേക്കിടയിൽ പ്രവർത്തകരുടെ കുറവുണ്ടെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എസ്പിയും കോൺ​ഗ്രസും സഖ്യമായി മത്സരിച്ചപ്പോൾ 105 സീറ്റുകളാണ് കോൺ​ഗ്രസിന് കിട്ടിയത്. സമാനരീതിയിൽ ഇത്തവണയും നൂറോ അതിലേറെയോ സീറ്റുകൾ ലഭിക്കുമെന്നാണ് കോൺ​ഗ്രസിന്റെ കണക്കുക്കൂട്ടൽ. 2022-ലെ തിര‍ഞ്ഞെടുപ്പിൽ സഖ്യമില്ലാതെ ഒറ്റയ്ക്കായിരുന്നു കോൺ​ഗ്രസ് മത്സരിച്ചത്. പ്രിയങ്കാ ​ഗാന്ധിയുടെ നേതൃത്വത്തിൽ 2022-ൽ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺ​ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയാണ് അന്ന് നേരിട്ടത്. വോട്ട് ശതമാനം കുത്തനെ കുറഞ്ഞ പാർട്ടിക്ക് വെറും രണ്ട് സീറ്റുകളിൽ മാത്രമേ അന്ന് വിജയിക്കാൻ കഴിഞ്ഞുള്ളൂ.

ഒന്നും വ്യക്തമാക്കാതെ നേതാക്കൾ...

കഴിഞ്ഞദിവസം രാഹുൽ ​ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച സ്വാഭാവിക കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു അഖിലേഷ് യാ​ദവിന്റെ പ്രതികരണം. സഭ നിർത്തിവെക്കുമ്പോൾ എല്ലാവരും പരസ്പരം കാണും. അത് സ്വാഭാവികമാണ്- അഖിലേഷ് യാദവ് പ്രതികരിച്ചു. തന്ത്രങ്ങളുടെ ഭാ​ഗമായി പലകാര്യങ്ങളും ചർച്ച ചെയ്യുമെന്നും എന്നാൽ അത് വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നുമായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് സമാജ് വാദി പാർട്ടി എംപിയായ ആവദേശ് പ്രസാദിന്റെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group