Join News @ Iritty Whats App Group

ജീവനറ്റ ശരീരത്തില്‍ കാമുകന്‍ താലി ചാര്‍ത്തണം! പ്രണയം തകര്‍ന്നതോടെ ജീവനൊടുക്കിയ ടെക്കി യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ കാമുകന്റെ വീട്ടിലേക്ക്; പെണ്‍കുട്ടിയുടെ അവസാന ആഗ്രഹം നിറവേറ്റാന്‍ പ്രതിഷേധം; മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് നാടകീയ അന്ത്യം!

ജീവനറ്റ ശരീരത്തില്‍ കാമുകന്‍ താലി ചാര്‍ത്തണം! പ്രണയം തകര്‍ന്നതോടെ ജീവനൊടുക്കിയ ടെക്കി യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ കാമുകന്റെ വീട്ടിലേക്ക്; പെണ്‍കുട്ടിയുടെ അവസാന ആഗ്രഹം നിറവേറ്റാന്‍ പ്രതിഷേധം; മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് നാടകീയ അന്ത്യം!


മുംബൈ: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ കാമുകന്റെ വീട്ടിലെത്തി പ്രതിഷേധിച്ചു.

കാമുകന്‍ മൃതദേഹത്തില്‍ താലിചാര്‍ത്തണമെന്നും അവന്റെ സ്വന്തം ഗ്രാമത്തില്‍ വെച്ച്‌ തന്നെ സംസ്‌കാരം നടത്തണമെന്നും ആവശ്യപ്പെട്ടാണ് യുവതിയുടെ ബന്ധുക്കള്‍ മൃതദേഹവുമായി എത്തിയത്. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായെങ്കിലും, ഒടുവില്‍ കാമുകന്റെ നാട്ടില്‍ തന്നെ സംസ്‌കാരം നടത്താന്‍ അനുവാദം ലഭിച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് പരിഹാരമായത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ കൊണ്ടുരുപാഡു സ്വദേശിനിയായ കീര്‍ത്തി (24) എന്ന യുവതിയുടെ സംസ്‌കാര ചടങ്ങുകളെച്ചൊല്ലിയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്ന കീര്‍ത്തിയെ കഴിഞ്ഞ ജൂലൈ 14-നാണ് മുംബൈയിലെ പിജി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖത്തറില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന പ്രകാസം ജില്ലയിലെ പൊണ്ടുരു സ്വദേശിയായ സായ് സുമന്തുമായി യുവതി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ കുടുംബം വ്യക്തമാക്കുന്നത്. എന്നാല്‍ അടുത്തിടെ സായ് സുമന്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും പ്രണയം തകര്‍ന്നതുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന പരാതി.

താന്‍ ജീവനൊടുക്കുകയാണെങ്കില്‍ മൃതദേഹം കാമുകന്റെ നാട്ടില്‍ വേണം സംസ്‌കരിക്കാന്‍ എന്ന് മരണപ്പെടുന്നതിന് തൊട്ടുമുന്‍പ് കീര്‍ത്തി ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ ഈ അവസാന ആഗ്രഹപ്രകാരമാണ് ബന്ധുക്കള്‍ മൃതദേഹവുമായി സുമന്തിന്റെ ഗ്രാമമായ പൊണ്ടുരുവിലേക്ക് എത്തിയത്. സുമന്ത് എത്തി മൃതദേഹത്തില്‍ താലി ചാര്‍ത്തണമെന്നും അവിടെവെച്ച്‌ സംസ്‌കാരം നടത്തണമെന്നുമായിരുന്നു ബന്ധുക്കളുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ സമയം സുമന്ത് നാട്ടില്‍ ഉണ്ടായിരുന്നില്ല. ഇതോടെ അവന്‍ തിരികെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ മൃതദേഹവുമായി അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഇത് ഇരുകൂട്ടരും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങള്‍ക്കും നേരിയ തോതിലുള്ള സംഘര്‍ഷത്തിനും കാരണമായി മാറി. ഒടുവില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് കണ്ടതോടെ പൊണ്ടുരു ഗ്രാമത്തില്‍ തന്നെ യുവതിയുടെ സംസ്‌കാരം നടത്താമെന്ന് സുമന്തിന്റെ ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കീര്‍ത്തിയുടെ മൃതദേഹം ആ ഗ്രാമത്തില്‍ തന്നെ സംസ്‌കരിച്ച്‌ ബന്ധുക്കള്‍ മടങ്ങി. യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് നിലവില്‍ മുംബൈ പൊലീസാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതെന്ന് ആന്ധ്രാ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group