Join News @ Iritty Whats App Group

ഖമേനിയുടെ വിലാപചടങ്ങുകളില്‍ ഞെട്ടി ട്രംപ്, പിന്നാലെ ഇറാന്‍റെ 'കണ്ണീരില്‍' പ്രതികരണം; 'ജനങ്ങള്‍ ഖമേനിയെ വെറുക്കുന്നു എന്നാണ് കരുതിയത്'

ഖമേനിയുടെ വിലാപചടങ്ങുകളില്‍ ഞെട്ടി ട്രംപ്, പിന്നാലെ ഇറാന്‍റെ 'കണ്ണീരില്‍' പ്രതികരണം; 'ജനങ്ങള്‍ ഖമേനിയെ വെറുക്കുന്നു എന്നാണ് കരുതിയത്'


വാഷിംഗ്ടണ്‍: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകളില്‍ ഞെട്ടി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ചടങ്ങുകള്‍ക്കിടെ ഇറാന്‍റെ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും പൊട്ടിക്കരയുന്ന ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങള്‍ ഖമേനിയെ വെറുക്കുന്നു എന്നാണ് താൻ കരുതിയതെന്നും ഇത് ഒരുപക്ഷേ 'വ്യാജക്കണ്ണീർ' ആയിരിക്കാമെന്നും ട്രംപ് പ്രതികരിച്ചു. തങ്ങള്‍ ദയവുള്ളവരായതുകൊണ്ടാണ് വിലാപയാത്രയ്ക്കായി ഇറാന് ഒരാഴ്ചത്തെ 'അവധി' നല്‍കിയതെന്ന പരിഹാസവും ട്രംപ് ഉയർത്തിയിട്ടുണ്ട്.

അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകള്‍ രാജ്യത്ത് പുരോഗമിക്കവെ, ഇറാന്റെ അവശേഷിക്കുന്ന ഭരണനേതൃത്വത്തെ മുഴുവൻ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാൻ തനിക്ക് സാധിക്കുമെന്ന വിവാദ പ്രസ്താവനയും ട്രംപ് നടത്തി. എന്നാല്‍, ചർച്ചകള്‍ നടത്താൻ പിന്നെ അവിടെ ആരും അവശേഷിക്കില്ല എന്നതിനാലാണ് താൻ അതിന് മുതിരാത്തതെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസിന്' നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇറാന് നേരെ വീണ്ടും കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കിയത്.

ഇറാന്റെ പ്രധാന നേതാക്കളെല്ലാം ഇപ്പോള്‍ വിലാപചടങ്ങുകള്‍ക്കായി ഒന്നിച്ച്‌ ഒരിടത്ത് ഒത്തുകൂടിയിട്ടുണ്ടെന്നും ഒരൊറ്റ ആക്രമണത്തിലൂടെ അവരെയെല്ലാം വകവരുത്താൻ തനിക്ക് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇറാൻ ഇപ്പോള്‍ ഒരു സമാധാന കരാറിനായി കെഞ്ചുകയാണെന്നും ചർച്ചകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമേനിയുടെ അന്ത്യവിശ്രമ ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ ഇരുപക്ഷവും ചർച്ചകളില്‍ നിന്ന് ഒരാഴ്ചത്തെ താല്‍ക്കാലിക ഇടവേള എടുത്തിരിക്കുകയാണെന്നും ഈ ദിവസങ്ങളില്‍ പരസ്പരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും ട്രംപ് വെളിപ്പെടുത്തി.

അമേരിക്ക-ഇസ്രായേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ ഫെബ്രുവരി 28-നാണ് 36 വർഷം ഇറാൻ ഭരിച്ച അലി ഖമേനി കൊല്ലപ്പെട്ടത്. ഇസ്‌ലാമിക ആചാരപ്രകാരം മരണപ്പെട്ടയാളെ 24 മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കണമെന്നാണ് നിയമമെങ്കിലും യുദ്ധസാഹചര്യം നിലനിന്നിരുന്നതിനാല്‍ ഇതില്‍ അപൂർവമായ ഇളവ് വരുത്തുകയായിരുന്നു. ഒടുവില്‍ അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനാണ് വിലാപചടങ്ങുകള്‍ക്ക് ഇറാൻ തുടക്കമിട്ടത്. ജൂലൈ ഏഴിന് വിശുദ്ധ നഗരമായ ഖുമിലും തുടർന്ന് മറ്റ് നഗരങ്ങളിലും നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം ജൂലൈ ഒൻപതിന് ഖമേനിയുടെ ജന്മനാടായ മഷാദില്‍ ഭൗതികശരീരം സംസ്‌കരിക്കും. ലക്ഷക്കണക്കിന് ജനങ്ങളാണ് നിലവില്‍ ഇറാന്റെ തെരുവുകളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

അതേസമയം, കടുത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനി തന്റെ പിതാവിന്റെ അന്ത്യയാത്ര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് വ്യക്തമായി. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതിനിധി ആയത്തുള്ള ഹക്കീം ഇലാഹിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള വധഭീഷണികളും നിരന്തരമായ നിരീക്ഷണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊജ്താബ പരസ്യമായി ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തില്‍ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടയിലാണ് സുരക്ഷ മുൻനിർത്തിയുള്ള ഈ പുതിയ തീരുമാനം പുറത്തുവരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group