Join News @ Iritty Whats App Group

എസ്‌.എഫ്.ഐ നേതാവ് ​ഐഷി ഘോഷിനെ ‘തട്ടിക്കൊണ്ടുപോകാൻ’ പദ്ധതി; എ.കെ.ജി ഭവനിൽ അതിക്രമിച്ചുകയറി ഡൽഹി പൊലീസ്; മോദി ട്രംപിന് പഠിക്കുന്നുവെന്ന് എം.എ. ബേബി

എസ്‌.എഫ്.ഐ നേതാവ് ​ഐഷി ഘോഷിനെ ‘തട്ടിക്കൊണ്ടുപോകാൻ’ പദ്ധതി; എ.കെ.ജി ഭവനിൽ അതിക്രമിച്ചുകയറി ഡൽഹി പൊലീസ്; മോദി ട്രംപിന് പഠിക്കുന്നുവെന്ന് എം.എ. ബേബി


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥി നേതാക്കളെ വേട്ടയാടി ഡൽഹി പൊലീസ്. എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി ഡൽഹി പൊലീസ് സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽ അതിക്രമിച്ചുകയറി. സംഭവത്തിൽ കേന്ദ്ര സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് എം.എ. ബേബി രംഗത്തെത്തി.

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പൊലീസ് കാണിക്കുന്നത് ‘തെമ്മാടിത്തം’ ആണെന്ന് അദ്ദേഹം തുറന്നടിച്ചു.
​ഇന്ന് വൈകിട്ടോടെയാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊലീസ് സംഘം എ.കെ.ജി ഭവനിൽ എത്തിയത്. എന്നാൽ യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെ എത്തിയ ഉദ്യോഗസ്ഥരെ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് തടയുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനാണ് വന്നതെങ്കിൽ യൂണിഫോമും നെയിം പ്ലേറ്റും ധരിച്ച് വരണമെന്ന് ബ്രിട്ടാസ് കർശനമായി ആവശ്യപ്പെട്ടതോടെ പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടി വന്നു.

കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ സമരസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത് പോലെ, പാർട്ടി ഓഫീസിൽ നിന്ന് ഐഷി ഘോഷിനെയും രഹസ്യമായി തട്ടിക്കൊണ്ടുപോകാനായിരുന്നു കേന്ദ്ര സർക്കാരിന്റെയും പൊലീസിന്റെയും പദ്ധതിയെന്ന് എം.എ. ബേബി ആരോപിച്ചു.

​”നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപിന് പഠിക്കുകയാണെന്ന് തോന്നുന്നു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന അമേരിക്കൻ രീതിയുടെ ചെറിയ പതിപ്പാണ് മോദി ഇപ്പോൾ പരീക്ഷിക്കുന്നത്. എന്ത് തോന്ന്യവാസവും കാണിക്കാമെന്ന നിലയിലേക്ക് ഡൽഹി പൊലീസ് അധഃപതിച്ചു. വിദ്യാർത്ഥി നേതാക്കൾക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും കേസെടുക്കില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. എന്നാൽ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോൾ തെളിയുന്നത്”- എം.എ ബേബി വ്യക്തമാക്കി.

​ജന്തർ മന്ദറിൽ നടക്കുന്ന സി.ജെ.പി വിദ്യാർത്ഥി സമരത്തിൽ ഐസ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകൾക്കൊപ്പം ഐഷി ഘോഷും സജീവമായി പങ്കെടുത്തിരുന്നു. സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ഈ നിലപാടുപോലും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് ഡൽഹി പൊലീസിന്റെ ഇപ്പോഴത്തെ നടപടികളെന്നും എം.എ ബേബി ചൂണ്ടിക്കാട്ടി. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ഡൽഹിയിൽ ഇത്തരം ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് രാജിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group