വാക്ക് പാലിക്കാൻ കഴിഞ്ഞില്ല, ഇങ്ങനെയൊരു ഭർതൃകുടുംബത്തെ ലഭിക്കാൻ ഭാഗ്യം ചെയ്യണം, യുവതിയുടെ ഹൃദയഭേദഗമായ ആത്മഹത്യ കുറിപ്പ്
ലക്ക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ദീർഘനാളായി നട്ടെല്ലിനെ ബാധിച്ച രോഗത്തോട് പോരാടിയ 28 വയസ്സുകാരിയായ യുവതി ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താതെ, തനിക്ക് നൽകിയ സ്നേഹത്തിനും പരിചരണത്തിനും ഭർത്താവിനും ഭർതൃവീട്ടുകാർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള വൈകാരികമായ ഒരു ആത്മഹത്യാക്കുറിപ്പ് അവശേഷിപ്പിച്ചാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കാൺപൂർ സ്വദേശിയായ നിക്കി (വൈഷ്ണവി) എന്ന 28-കാരിയാണ് മരിച്ചത്. മൂന്ന് വർഷം മുമ്പാണ് ഇവരും റെയിൽവേ ജീവനക്കാരനായ ശിവം ശുക്ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ദീർഘനാളായി നട്ടെല്ലിലെ ഗുരുതരമായ രോഗബാധയ്ക്ക് ചികിത്സയിലായിരുന്ന നിക്കി കാൺപൂരിലും ഡൽഹിയിലുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇവർക്ക് ഒരു ചെറിയ മകനുണ്ട്.
കൈപ്പടയിൽ എഴുതിയ കത്തിൽ, കുടുംബത്തോടൊപ്പം എന്നും ജീവിക്കുമെന്ന വാക്ക് പാലിക്കാൻ കഴിയാത്തതിൽ നിക്കി ഖേദം പ്രകടിപ്പിച്ചു. തന്‍റെ മരണത്തിൽ ആരും സങ്കടപ്പെടരുതെന്നും അവർ അഭ്യർത്ഥിച്ചു. "ഇങ്ങനെയൊരു ഭർതൃകുടുംബത്തെ ലഭിക്കാൻ ഭാഗ്യം ചെയ്യണം. എല്ലാവരും എന്നെ അത്രയധികം ശ്രദ്ധയോടെയാണ് പരിചരിച്ചത്. ദയവായി ആരും വിഷമിക്കരുത്, പൂർണ്ണമായ നിസ്സഹായാവസ്ഥയിലാണ് ഞാൻ ഈ തീരുമാനമെടുക്കുന്നത്" എന്ന് നിക്കി കത്തിൽ കുറിച്ചു. കൂടാതെ സ്വന്തം അച്ഛൻ വാങ്ങി നൽകിയ സ്വർണ്ണാഭരണങ്ങളും തന്‍റെ സ്കൂട്ടറും ഭർത്താവിന്‍റെ അനിയനും വരാൻ പോകുന്ന വധുവിനും സമ്മാനമായി നൽകണമെന്നും മൊബൈൽ ഫോൺ അമ്മായിയമ്മയ്ക്ക് നൽകണമെന്നും കത്തിൽ പറയുന്നു.
അടുത്തിടെ നടന്ന ഡൽഹി പോലീസ് റിക്രൂട്ട്‌മെന്‍റ് പരീക്ഷയുടെ എഴുത്തുപരീക്ഷ നിക്കി പാസ്സായിരുന്നു. അടുത്ത ഘട്ടത്തിനായുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി കാരണം ശാരീരികക്ഷമതാ പരീക്ഷകളിൽ യോഗ്യത നേടാൻ കഴിയില്ലേയെന്ന ആശങ്ക അവരെ വല്ലാതെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. രോഗം മാറില്ലെന്ന ചിന്ത അവരെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥനായ എ.സി.പി ദിലീപ് സിംഗ് വ്യക്തമാക്കി. മരണവിവരമറിഞ്ഞ് റാവത്പൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ഇരുഭാഗത്തെയും കുടുംബാംഗങ്ങൾ ആർക്കെതിരെയും പരാതികളോ ആരോപണങ്ങളോ ഉന്നയിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
إرسال تعليق