ഗോള്‍ഡന്‍ ബോളും ഗോള്‍ഡൻ ഗ്ലൗവുമടക്കം പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ, മെസിയെ വീഴ്ത്തി ഗോൾഡൻ ബൂട്ട് വീണ്ടും എംബാപ്പെക്ക്
ന്യൂയോർക്ക്: ലോകകപ്പിന് ഫൈനല്‍ വിസിസ്‍ മുഴങ്ങിയപ്പോള്‍ കളിയിലെ രാജാക്കന്മാരായതിനൊപ്പം പുരസ്കാരങ്ങളും തൂത്തുവാരി സ്പെയിൻ. എന്നാല്‍ സ്പെയിനിന്‍റെ രാജവാഴ്ചക്കിടയിലും രണ്ടാം തവണയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഞ്ച് നായകൻ കിലിയന്‍ എംബാപ്പെയായിരുന്നു. ഫൈനലിൽ സ്പെയിനിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്‍റീന നായകൻ ലയണൽ മെസിയെ പിന്തള്ളിയാണ് എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 8 ഗോളുകളുമായി മെസി രണ്ടാമതെത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫൈനലില്‍ ഹാട്രിക് അടക്കം 7 ഗോളുകൾ നേടി മെസിയെ (6 ഗോൾ) ഒരു ഗോളിന് മറികടന്നായിരുന്നു എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.
Mbappé fires his way to the adidas Golden Boot @adidasfootball pic.twitter.com/B7czVjLCCU— FIFA World Cup (@FIFAWorldCup) July 20, 2026
അതേസമയം, മറ്റ് പ്രധാന പുരസ്കാരങ്ങളെല്ലാം ലോക ചാമ്പ്യൻമാരായ സ്പാനിഷ് പട തൂത്തുവാരി. ടൂർണമെന്‍റിൽ ഒരു ഗോൾ മാത്രം വഴങ്ങി സ്പാനിഷ് കോട്ട കാത്ത ഗോൾകീപ്പർ ഉനായ് സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടി. സ്പെയിനിന്‍റെ മധ്യനിരയിലെ എൻജിനായ റോഡ്രിയാണ് ടൂർണമെന്‍റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച യുവതാരമായി സ്പാനിഷ് പ്രതിരോധ താരം പൗ ക്യൂബാർസിയും തിരഞ്ഞെടുക്കപ്പെട്ടു.
Rodri takes home the adidas Golden Ball @adidasfootball pic.twitter.com/duxTkrH5Bd— FIFA World Cup (@FIFAWorldCup) July 20, 2026
എക്സ്ട്രാ ടൈം ത്രില്ലറിൽ സ്പെയിൻ ചാമ്പ്യന്മാർ
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എക്സ്ട്രാ ടൈമിന്‍റെ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിൻ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ വീഴ്ത്തി രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. മത്സരത്തിന്‍റെ നിശ്ചിത സമയത്തെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 10 പേരുമായാണ് അർജന്‍രീന എക്സ്ട്രാ ടൈം കളിച്ചത്. കളിയിലുടനീളം നിഷ്പ്രഭമായിരുന്ന അർജന്‍റീനയ്ക്ക് ആദ്യ 115 മിനിറ്റിൽ സ്പാനിഷ് പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. 2010-ന് ശേഷം സ്പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് കിരീടമാണിത്.
7 clean sheets. adidas Golden Glove winner. ⭐@adidasfootball pic.twitter.com/mME9QEIgNj— FIFA World Cup (@FIFAWorldCup) July 20, 2026
ചരിത്രത്തിൽ ഇടംനേടി മെസിയും ലൂയിസ് ഡി ലാ ഫ്യൂന്‍റെയും
65-ാം വയസ്സിൽ ലോകകപ്പ് കിരീടം നേടുന്ന സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെ, ഫിഫ ചരിത്രത്തിൽ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കൂടിയ കോച്ചായി മാറി. 39-ാം വയസിൽ ഫൈനലിന് ഇറങ്ങിയ ലയണൽ മെസി, മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിക്കുന്ന ലോകത്തിലെ രണ്ടാമത്തെ താരം എന്ന റെക്കോർഡും, ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് കളിക്കാരൻ എന്ന നേട്ടവും സ്വന്തമാക്കി. എന്നാൽ കരിയറിലെ അവസാന ലോകകപ്പ് മത്സരം കിരീടത്തോടെ അവസാനിപ്പിക്കാമെന്ന മെസിയുടെ മോഹങ്ങൾ സ്പാനിഷ് പട തകർക്കുകയായിരുന്നു.
The Netherlands are the winners of the FIFA Fair Play Award presented by @mcdonalds pic.twitter.com/n1XirS0q9m— FIFA World Cup (@FIFAWorldCup) July 19, 2026
إرسال تعليق