Join News @ Iritty Whats App Group

കെ-ഫോണ്‍ സൗജന്യമല്ലെന്ന് അധികൃതര്‍; ബില്ലില്‍ പകച്ച്‌ വിദ്യാലയങ്ങള്‍

കെ-ഫോണ്‍ സൗജന്യമല്ലെന്ന് അധികൃതര്‍; ബില്ലില്‍ പകച്ച്‌ വിദ്യാലയങ്ങള്‍


ണ്ണൂർ: സൗജന്യ ഇന്റർനെറ്റ് കണക്ഷൻ എന്ന വാഗ്ദാനത്തില്‍ കെഫോണ്‍ കണക്ഷൻ സ്വീകരിച്ച എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്നത് ആയിരക്കണക്കിന് രൂപയുടെ ബില്ല്.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന്റെ (കെഫോണ്‍) ബില്‍ കൈയില്‍ കിട്ടിയതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദ്യാലയ അധികൃതർ.

കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്ലും ചേർന്ന് നടപ്പാക്കുന്ന കെഫോണ്‍ പദ്ധതി പ്രകാരം സർക്കാർ സ്ഥാപനങ്ങള്‍ക്കും ബി.പി.എല്‍ വിഭാഗത്തിലെ വീടുകള്‍ക്കും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായാണ് നല്‍കിവരുന്നത്. വിദ്യാലയങ്ങളും ഈ പട്ടികയില്‍പ്പെടുന്നവയാണ്. എന്നാല്‍ ഇതിന് വിരുദ്ധമായി 2026 ജനുവരി ഒന്നു മുതല്‍ മാർച്ച്‌ 31 വരെയുള്ള ത്രൈമാസ കാലയളവിലെ ഉപയോഗത്തിന് രണ്ടായിരത്തിലധികം രൂപ ബില്‍ ചെയ്താണ് ചില വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് എത്തിയത്. ബില്‍ അടയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതർ.

ബില്‍ വന്ന വിവരം സ്‌കൂള്‍ പ്രധാനാദ്ധ്യാപകർ ഉപവിദ്യാഭ്യാസ ഓഫീസർ വിളിച്ചുചേർത്ത യോഗങ്ങളില്‍ ഉന്നയിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് ഇതുസംബന്ധിച്ച്‌ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് തിരുവനന്തപുരത്തെ കെഫോണ്‍ ഓഫീസിനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സർക്കാർ ഓഫീസുകള്‍ക്ക് പദ്ധതി സൗജന്യമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

സൗജന്യമെന്ന വാഗ്ദാനവും യാഥാർത്ഥ്യത്തിലെ ബില്ലും തമ്മിലുള്ള ഈ വൈരുദ്ധ്യം പല വിദ്യാലയങ്ങളെയും കുഴക്കുകയാണ്. വ്യക്തത വരുത്താൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group