അയ്യൻകുന്നിൽ ഡെങ്കിയും മഞ്ഞപിത്തവും പടരുന്നതിന് പിന്നാലെ മലേറിയും
പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കി ആരോഗ്യവിഭാഗം
ഇരിട്ടി: മലയോര പഞ്ചായത്തായ അയ്യൻകുന്നിൽ ഡെങ്കിപ്പനിയും മഞ്ഞപിത്തവും വ്യാപിക്കുന്നതിനിടയിൽ മലേറിയയും കണ്ടെത്തിയതായി റിപ്പോർട്ട്. ഇതോടെ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ആറളം പഞ്ചായത്തിൽ രണ്ടാഴ്ച്ചക്കിടയിൽ ആറ് ഡെങ്കിപ്പനിയും മൂന്ന് മഞ്ഞപിത്തവുമാണ് റിപ്പോർട്ട് ചെയ്തത്. അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ ഭാഗങ്ങളിലും മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിക്ക് മലോറിയയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മേഖലയിൽ പരിശോധന ശക്തമാക്കി. രോഗലക്ഷണം കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി നാട്ടിലേക്ക് വിട്ടു. മേഖലയിൽ കൊതുകിന്റെ സാന്ദ്രത കണ്ടെത്താൻ പരിശോധനയും നടത്തി.
ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടി, പയോറ, വിർപ്പാട്, വട്ടപ്പറമ്പ് പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. ഫോഗിങ്ങ് , ഉറവിടം നശീകരണം, മരുന്ന് തളിക്കൽ, ബോധവൽക്കരണ ക്ലാസ് തുടങ്ങിയവയും നടത്തി. മട്ടന്നൂർ ഡി വി സി യൂണിറ്റിന്റെ നേതൃത്വത്തിലാണ് അമ്പലക്കണ്ടി, പയോറ പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തിയത്. വരും ദിവസങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മറ്റ് സ്ഥലങ്ങളിലും ഫോഗിങ് ഉൾപ്പെടെ പ്രതിരോധ നടപടികൾ സ്വീകരിക്കും. ജനങ്ങളോടും അധികൃതർ നൽകുന്ന നിർദേശം കർശനമായി പാലിക്കാൻ നിർദേശം നൽകിയതായും ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട് .
വീട്ടിലും പരിസരത്തും കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക, വീട്ടിനുള്ളിൽ ഫ്രിഡ്ജിന്റെ ട്രേ, അലങ്കാര ചെടികൾ എന്നിവയിൽ കൊതുക് വളരുന്ന സാഹചര്യമില്ലാതാക്കുക ,രോഗബാധിതർ കൊതുകടി എൽക്കതിരിക്കാൻ കൊതുകു വല ഉപയോഗിക്കുക, കൊതുകുകളെ പ്രതിരോധിക്കാൻ ലേപനങ്ങൾ പുരട്ടുക, ശരീരം മുഴുവൻ മൂടത്തക്ക രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, എല്ലാ ഞായറാഴ്ചയും വീടുകളിൽ ഉറവിട നശീകരണം നടത്തുക എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. പരിശോധനയിൽ കൊതുക് വളർത്തുന്ന സാഹചര്യങ്ങൾ കണ്ടെത്തിയാൽ പൊതുജനാരോഗ നിയമപ്രകാരം ഇവർക്കെതിരെ പിഴ ഉൾപ്പെടെ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു . മെഡിക്കൽ ഓഫീസർ ഡോ. ജയ്മി തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ അയ്യൻകുന്നിൽ അവലോകന യോഗം ചേർന്നു
മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത അയ്യൻകുന്ന് പഞ്ചയത്തിലെ എടപ്പുഴയിലും കരിക്കോട്ടക്കരി സമീപപ്രദേശങ്ങളിലും ആരോഗ്യവകുപ്പും അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ എടപ്പുഴയിൽ അവലോകന യോഗം ചേർന്നു . രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് മുൻപാണ് രോഗപ്പകർച്ച സാധ്യത കൂടുതൽ എന്നതിനാൽ പ്രദേശവാസികൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക,മലവിസർജനത്തിന് ശേഷവും ഭക്ഷണത്തിനു മുൻപും നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കുക, പരസ്പരമുള്ള ഗൃഹസന്ദർശനങ്ങൾ പ്രത്യേകിച്ചും രോഗബാധിതരുടെ വീട്ടിൽ ഒഴിവാക്കുക, കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണപാനീയങ്ങൾ വിളമ്പുന്ന പൊതു പരിപാടികൾ ആരോഗ്യവകുപ്പിനെ അറിയിച്ചു നിർദേശപ്രകാരം മാത്രം നടത്തുക, കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസിൽ മാത്രം നിക്ഷേപിക്കുക, രോഗികളും കുടുംബാംഗങ്ങളും മൂന്ന് ആഴ്ചയെങ്കിലും പൊതുസമ്പർക്കം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ മേഴ്‌സി മരിയ ടീച്ചർ, ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി .
إرسال تعليق