Join News @ Iritty Whats App Group

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്


കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ വീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ സ്വയം കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

വിവാഹത്തിനായി ചെലവഴിക്കുന്ന തുക ഇരു കുടുംബങ്ങളുടെയും പൊതു ചെലവായതിനാൽ, വിവാഹമോചന കേസുകളിൽ അത് ഭാര്യയ്ക്കോ ഭർത്താവിനോ തിരികെ നൽകാൻ ഉത്തരവിടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

വിവാഹനിശ്ചയ വേളയിൽ കൈമാറിയ 5 ലക്ഷം രൂപയും 80 പവൻ സ്വർണവും വിവാഹച്ചെലവായ 6,89,350 രൂപയും യുവതിക്ക് തിരികെ നൽകണമെന്നായിരുന്നു കുടുംബക്കോടതിയുടെ ഉത്തരവ്. വിവാഹനിശ്ചയ ദിവസം 5 ലക്ഷം രൂപ കൈമാറിയതിന് തെളിവുള്ളതിനാൽ ആ തുക തിരികെ നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹസമയത്ത് യുവതിക്ക് 80 പവൻ സ്വർണം ഉണ്ടായിരുന്നതായി എസ്.എൻ.ഡി.പി. യോഗം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

അതിൽ ഭർത്താവ് പണയം വെക്കുന്നതിനായി 30 പവൻ സ്വർണം വാങ്ങിയതായി തെളിവുണ്ടെന്നും, അത് തിരികെ നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിവാഹച്ചെലവായി ചെലവഴിച്ച തുക തിരികെ നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുടുംബക്കോടതിയുടെ ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.

Post a Comment

Previous Post Next Post
Join Our Whats App Group