ഇരിട്ടി പട്ടണത്തില്‍ ഗതാഗത പരിഷ്‌കാരത്തിന് തുടക്കമായി
ഇരിട്ടി:രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഇരിട്ടി പട്ടണത്തില്‍ സമഗ്ര ഗതാഗത പരിഷ്‌കാരത്തിന് തുടക്കമായി.
നഗരസഭ, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്‌ത നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ ഗതാഗത ക്രമീകരണങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
പരിഷ്‌കാരം ഫലപ്രദമാണോയെന്ന് വിലയിരുത്താന്‍ ദിവസേന നിരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് അനുവദിച്ച പാര്‍ക്കിങ് മേഖലകളില്‍ അരമണിക്കൂറില്‍ കൂടുതല്‍ വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. കൂടുതല്‍ സമയം പാര്‍ക്ക് ചെയേ്േണ്ടവര്‍ പേ പാര്‍ക്കിങ് സംവിധാനം ഉപയോഗിക്കണം. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിശോധന ശക്‌തമാക്കും. നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും.ഇരിട്ടി പാലം മുതല്‍ ഗ്രീന്‍ലീഫ് ഫ്‌ളവേഴ്‌സ് വരെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചു. ഗ്രീന്‍ലീഫ് ഫ്‌ളവേഴ്‌സ് മുതല്‍ മലനാട് റബ്ബര്‍ വരെയുള്ള ഭാഗം ഇരുചക്ര വാഹന പാര്‍ക്കിങ്ങിനായി ക്രമീകരിച്ചു.
മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ദിവസങ്ങളോളം വാഹനങ്ങള്‍ പട്ടണത്തില്‍ പാര്‍ക്ക് ചെയ്‌ത് പോകുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പുതിയ ക്രമീകരണത്തിലൂടെ ഹ്രസ്വസമയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ ക്രമീകരണപ്രകാരം പട്ടണത്തില്‍ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേകം പാര്‍ക്കിങ് മേഖലകള്‍ നിശ്‌ചയിച്ചിട്ടുണ്ട്. ബാഗ് ബസാര്‍, എസ് സ്‌ക്വയര്‍ റസിഡന്‍സി, പയഞ്ചേരിമുക്ക്, ഇരിട്ടി പാലം, പുതിയ ബസ് സ്‌റ്റാന്‍ഡ്, ബൈപാസ് റോഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങള്‍ നോ പാര്‍ക്കിങ് മേഖലയായി പ്രഖ്യാപിച്ചു.പുതിയ ഗതാഗത പരിഷ്‌കാരത്തോട് പൊതുജനങ്ങളും വാഹനയാത്രക്കാരും സഹകരിക്കണമെന്ന് നഗരസഭയും പൊലീസ് അധികൃതരും അഭ്യര്‍ഥിച്ചു.
Post a Comment