ബസ്സുകളിലെ സ്പീഡ് ഗവർണർ വിച്ഛേദിച്ച് മത്സര ഓട്ടം;പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്
ഇരിട്ടി: സ്പീഡ് ഗവർണർ വിച്ഛേദിച്ചുള്ള സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടംഅവസാനിപ്പിക്കാൻ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം.
ഇന്നലെ ഉളിയിൽ കൂരൻ മുക്കിൽ സ്കൂട്ടർ യാത്രികരായ അച്ഛൻ്റെയും മകൻ്റെയും ദാരുണ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത് സ്വകാര്യ ബസിൻ്റെ അമിത വേഗതയായിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിൽ
ബസ്സുകളിലെസ്പീഡ് ഗവർണർ സംവിധാനം പ്രവർത്തനരഹിതമാക്കി സ്വകാര്യ ബസുകൾ മത്സര ഓട്ടം നടത്തുന്നുവെന്ന പരാതി ഉയർന്നു വന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.
ഫിറ്റ്നസ് പരിശോധനയ്ക്കിടെ മാത്രം സ്പീഡ് ഗവർണർ ശരിയായ രീതിയിൽ ഘടിപ്പിക്കുകയും പരിശോധന പൂർത്തിയാക്കിയശേഷം അത് പ്രവർത്തനരഹിതമാക്കുകയോ വിച്ഛേദിക്കുകയോ ചെയ്യുന്നുവെന്ന പരാതികളാണ് വ്യാപകമായി ഉയരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധനകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അമിതവേഗത്തിൽ ബസുകൾ സഞ്ചരിക്കുന്നതും തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും കണക്കിലെടുത്താണ് നടപടി.
സ്പീഡ് ഗവർണർ സംവിധാനം നിയമവിരുദ്ധമായി വിച്ഛേദിച്ചതായി കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികളും പിഴയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലിസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
Post a Comment