Join News @ Iritty Whats App Group

ഇ20 പെട്രോൾ; മന്ത്രാലയങ്ങളുടെ വിശദീകരണത്തിൽ ഭിന്നത, വ്യത്യാസം മൈലേജ് കണക്കിൽ

ഇ20 പെട്രോൾ; മന്ത്രാലയങ്ങളുടെ വിശദീകരണത്തിൽ ഭിന്നത, വ്യത്യാസം മൈലേജ് കണക്കിൽ


ദില്ലി: ഇ20 പെട്രോൾ സംബന്ധിച്ച മന്ത്രാലയങ്ങളുടെ വിശദീകരണത്തിൽ ഭിന്നത. ഇ20 പെട്രോൾ ഉപയോഗിച്ചാൽ രണ്ട് മുതൽ ആറ് ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാം എന്ന് ഉപരിതല ഗതാഗത വകുപ്പിന്‍റെ റിപ്പോർട്ട്. എന്നാൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാം എന്നാണ് പെട്രോളിയം മന്ത്രാലയം രാജ്യസഭയിൽ നേരത്തെ അറിയിച്ചത്

ഇ20 പെട്രോൾ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തി എന്ന് കേന്ദ്ര സർക്കാർ അറിയിക്കുമ്പോഴും അത് പരസ്യമാക്കാത്തത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇ20 ഉപയോഗം സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കുമോ എന്നതിലും വ്യക്തതയില്ല. ഇ20 നിർബന്ധമാക്കിയതിന് എതിരെ ദില്ലിയിൽ അടക്കം പരസ്യ പ്രതിഷേധങ്ങൾ തുടങ്ങാനിരിക്കെ, ഇ20 സുരക്ഷിതമാണ് എന്ന വാദം ആവർത്തിക്കുകയാണ് കേന്ദ്രം.

ഇന്നത്തെ മാർച്ചിന് അനുമതിയില്ല

ഇന്ത്യാഗേറ്റിൽ നിന്ന് പാർലമെന്‍റിന് സമീപത്തേക്ക് ടീം ഭാരതിന്‍റെ നേതൃത്വത്തിൽ ഇ20ക്കെതിരെ ഇന്ന് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ മാർച്ചിന് പൊലീസ് അനുമതി നൽകിയില്ല. ആക്ടിവിസ്റ്റും സംരംഭകനുമായ തെഹ്സീൻ പൂനെവാലയുടെ നേതൃത്വത്തിലാണ് മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ റദ്ദാക്കി. സത്യം വിളിച്ചു പറഞ്ഞതിനാണ് നടപടിയെന്ന് പൂനെവാല വിമർശിച്ചു. പൊലീസ് അനുമതി ലഭിക്കാത്തതു കൊണ്ട് ഇന്നത്തെ പ്രതിഷേധം മാറ്റിവച്ചു.

ഇ20 പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂ എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് പ്രതിഷേധക്കാർ രംഗത്ത് എത്തിയത്. ഒന്നല്ല ആറ് പേരെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാം, എന്നാൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം മന്ത്രി ഗഡ്കരി ഇവരുമായി കൂടിക്കാഴ്ച നടത്തേണ്ടത് എന്ന ഒരു നിബന്ധന അവർ മുന്നോട്ട് വെച്ചു. ഇ20 ജനത പാർട്ടി (ഇജെപി) എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഇ20ക്കെതിരെ പ്രതിഷേധം ശക്തമാണ്

Post a Comment

Previous Post Next Post
Join Our Whats App Group