നേപ്പാളിൽ വർഗീയ കലാപം, മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി ജില്ലകളിലേക്ക് സംഘർഷം വ്യാപിച്ചു; സമാധാനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി
കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം വിവിധ ജില്ലകളിൽ കർഫ്യൂ ദീർഘിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സുൻസരി ജില്ലയിലെ ദേവ്ഗഞ്ച് പ്രദേശത്ത് മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെയും മതപരമായ കൊടികൾ സ്ഥാപിക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുൻസരിയിലെ അക്രമങ്ങൾക്ക് പിന്നാലെ അയൽ ജില്ലയായ സിറാഹയിലെ ഗോൽബസാർ മാർക്കറ്റിലേക്കും സംഘർഷം പടർന്നു. ഇവിടെ ആൺകുട്ടിയും കൊല്ലപ്പെട്ടു. സുൻസരി, സിറാഹ, ധനുഷ, ബീർഗഞ്ച് തുടങ്ങി മധേഷ് എന്നിവിടങ്ങളിൽ അനിശ്ചിതകാല കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അഞ്ചിലധികം ആളുകൾ കൂട്ടംകൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതും തടഞ്ഞിട്ടുണ്ട്.
വിഷയത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഉറപ്പുനൽകി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആഭ്യന്തര മന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സ്ഥിതിഗതികൾ ശാന്തമാക്കാൻ കാഠ്മണ്ഡുവിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർക്കാനും തീരുമാനമായി.
Post a Comment