Join News @ Iritty Whats App Group

വിശ്വാസപെരുമയില്‍ പെരുമാള്‍ക്ക് ഇളനീര്‍ സമര്‍പ്പണം

വിശ്വാസപെരുമയില്‍ പെരുമാള്‍ക്ക് ഇളനീര്‍ സമര്‍പ്പണം


കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ അതിപ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പ് ഇന്നലെ അക്കരെ കൊട്ടിയൂരില്‍ നടന്നു.

നൂറുകണക്കിന് മഠങ്ങളില്‍ നിന്നും കഠിനവ്രതക്കാരായ തണ്ടയാന്മാർ എത്തിച്ച ആയിരക്കണക്കിന് ഇളനീർക്കാവുകളാണ് സമർപ്പിച്ചത്. ഇന്നലെ രാത്രി ശ്രീഭൂതബലിക്ക് ശേഷം കാര്യത്ത് കൈക്കോളൻ ഇളനീർ വയ്പ്പിനായി കിഴക്കേ നടയില്‍ തട്ടും പോളയും വിരിച്ചു. ഇളനീർ വയ്പ്പിനുള്ള മുഹൂർത്തം നോക്കി രാശി വിളിച്ചതോടെയാണ് ഇളനീർ വെപ്പ് ആരംഭിച്ചത്.

കിഴക്കേ നടയായ മന്ദംചേരിയില്‍ മുഹൂർത്തം കാത്തിരുന്ന വ്രതക്കാർ രാശിവിളിച്ചതോടെ ഇളനീർ കാവുമായി ബാവലിപ്പുഴയില്‍ മുങ്ങിയ ശേഷം ഓടി സന്നിധാനത്ത് എത്തി തട്ടും പോളയും പടച്ച സ്ഥാനത്ത് മൂന്ന് വലം വെച്ച ശേഷം ഇളനീർ കാവുകള്‍ സമർപ്പിച്ച്‌ ഭണ്ഡാരം പെരുക്കി വീരഭദ്രനെ വണങ്ങി മടങ്ങി. രാത്രി മുഴുവൻ തുടർന്ന ഇളനീർ സമർപ്പണം എരുവട്ടി തണ്ടയാൻ ഇളനീരിനൊപ്പം ഒരു കുടം എള്ളെണ്ണയും സമർപ്പിച്ചതോടെയാണ് സമാപിച്ചത്.

ഇന്ന് രാത്രിയില്‍ ഇളനീർ അഭിഷേകം നടക്കും. രാവിലെ മുതല്‍ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം ഇളനീരുകള്‍ ചെത്തിയൊരുക്കി മണിത്തറയിലെ മുഖമണ്ഡപത്തില്‍ കൂട്ടും. തണ്ടയാന്മാരാണ് ഇളനീർ ചെത്താനുള്ള കത്തികള്‍ സമർപ്പിച്ചത്.

രാത്രിയില്‍ കൊട്ടേരിക്കാവില്‍ നിന്നും മുത്തപ്പൻ ദൈവം വരവും അകമ്പടിക്കാരും ഓടച്ചൂട്ട് കത്തിച്ച്‌ അതിവേഗം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച്‌ മടങ്ങും. ദൈവത്തിനൊപ്പം എത്തുന്ന സംഘം കോവിലകം കൈയാല തീണ്ടുക എന്ന ചടങ്ങും നടത്തും. മണിത്തറയ്ക്ക് മുന്നില്‍ നിന്നും അരിയും കളഭവും സ്വീകരിച്ച്‌ അനുമതി നല്‍കി മുത്തപ്പൻ ദൈവം മടങ്ങിയ ശേഷം രാശി വിളിക്കുന്നതോടെയാണ് ഇളനീരാട്ടം ആരംഭിക്കുക. ഭക്തർ വ്രതനിഷ്ഠയോടെ സമർപ്പിച്ച ഓരോ ഇളനീരും വെട്ടി ആദ്യം വെള്ളിക്കുടങ്ങളിലും പിന്നീടത് സ്വർണക്കുടങ്ങളിലേക്കും പകർന്ന് ഇടമുറിയാതെ പെരുമാള്‍ക്ക് അഭിഷേകം ചെയ്യും. ഉത്സവകാലത്തെ രണ്ടാമത്തെ ആരാധനാ പൂജയായ അഷ്ടമി ആരാധനയും ഇന്നാണ്.

Post a Comment

أحدث أقدم
Join Our Whats App Group