ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ സബ്സിഡി, റോഡ് നികുതി നൽകേണ്ട; പുതിയ ഇലക്ട്രിക് വാഹന നയം, പെട്രോൾ വാഹനങ്ങൾക്ക് ബൈ ബൈ പറയാൻ ദില്ലി
ദില്ലി: ദില്ലിയിലെ വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന് പുതിയ 'ഡൽഹി ഇവി പോളിസി 2026' പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള എല്ലാ ഇലക്ട്രിക് കാറുകൾക്കും റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും രണ്ടാം വർഷം 20,000 രൂപയും മൂന്നാം വർഷം 10,000 രൂപയും സബ്‌സിഡി നൽകും. 2028 ഏപ്രിൽ 1 മുതൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യൂ. അടുത്ത വർഷം മുതൽ ഓട്ടോകളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ രജിസ്ട്രേഷൻ നൽകൂ. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ബൈ ബൈ പറയാൻ ഒരുങ്ങുകയാണ് ദില്ലി.
ദേശീയ തലസ്ഥാനത്തെ വാഹനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 7,000 കോടി രൂപയുടെ വൻ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന ഈ നയം 2030 മാർച്ച് 31 വരെ നിലവിലുണ്ടാകും. സാധാരണ ഇന്ധന വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളുമാണ് പുതിയ നയം മുന്നോട്ട് വെക്കുന്നത്. വരും മാസങ്ങളിൽ ഘട്ടം ഘട്ടമായി പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണ്ണമായി നിർത്തലാക്കും. പഴയതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ റോഡിൽ നിന്ന് ഒഴിവാക്കുന്നതിനായി 1,500 കോടി രൂപയുടെ വിപുലമായ സ്ക്രാപ്പേജ് പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങളുടെ പഴയ പെട്രോൾ / ഡീസൽ വാഹനം പൊളിച്ച് പുതിയ ഇലക്ട്രിക് വാഹനം വാങ്ങുകയാണെങ്കിൽ വലിയ തുക ആനുകൂല്യമായി ലഭിക്കും. കാറുകൾക്ക് ഒരു ലക്ഷം രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപയുമാണ് ലഭിക്കുക. ത്രീ-വീലറുകൾക്ക് 25,000 രൂപയും വാണിജ്യ ട്രക്കുകൾക്ക് 50,000 രൂപയും ഈ സ്ക്രാപ്പേജ് നയത്തിലൂടെ സ്വന്തമാക്കാം
إرسال تعليق