തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂര്‍ കോര്‍പ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം; യുഡിഎഫ്, എസ്ഡിപിഐ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യം
കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ സമാന വിഷയത്തില്‍ കണ്ണൂർ കോർപ്പറേഷനിലും രാഷ്ട്രീയ വിവാദം ഉയർന്നു.
യുഡിഎഫിലെ 18 കൗണ്‍സിലർമാരുടെയും എസ്ഡിപിഐയിലെ ഒരു കൗണ്‍സിലറുടെയും സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ടർക്ക് പരാതി നല്‍കി.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ നല്‍കിയ പരാതിയില്‍, ബന്ധപ്പെട്ട കൗണ്‍സിലർമാർ 'അള്ളാഹുവിന്റെ നാമത്തില്‍' സത്യപ്രതിജ്ഞ ചെയ്തതായും, ഇത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള 'ദൈവനാമത്തില്‍' അല്ലെങ്കില്‍ 'ദൃഢപ്രതിജ്ഞ' എന്ന മാതൃകയില്‍ ഉള്‍പ്പെടുന്നതല്ലെന്നുമാണ് വാദിക്കുന്നത്. അതിനാല്‍ 19 കൗണ്‍സിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ നിർദേശിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
തിരുവനന്തപുരം കോർപ്പറേഷനിലെ സമാന വിഷയത്തില്‍ സ്വീകരിച്ച നടപടിയും ഹൈക്കോടതി വിധിയും കണ്ണൂരിലും ബാധകമാണെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും നിർദേശിക്കുന്ന മാതൃകയില്‍ മാത്രമേ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യാവൂ. നിയമത്തില്‍ പരാമർശിക്കാത്ത വാക്കുകളോ പ്രയോഗങ്ങളോ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ അസാധുവാക്കിയിരുന്നു. ബലിദാനികളുടെയും പ്രാദേശിക ദൈവങ്ങളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ ചെയ്തതിലൂടെ ചട്ടലംഘനം സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് നല്‍കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
إرسال تعليق