ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ല, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്റോച്ച് ജനത പാർട്ടി (സി ജെ പി) യുടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടന്നു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കുമടക്കമുള്ളവർ ദില്ലിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സോനം വാങ്ചുക്ക് സമരവേദിയിലെത്തിയത്. നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടി ആയി അഭിജിത് ദിപ്കെ അടക്കമുള്ളവർ സോനം വാങ് ചുക്കിനൊപ്പം രാജ്ഘട്ടിൽ പ്രാർഥന നടത്തി. ഹരിയാനയിൽ നിന്നും സമരത്തിന് പിന്തുണ അറിയിച്ച് എത്തിയ കർഷക നേതാക്കൾ അഭിജിത്തിനെ തലപ്പാവ് അണിയിച്ച് ആദരിച്ചു. സമരത്തിൽ വരുന്നത് തടയാൻ പലരെയും വീട്ടിൽ പൊലീസ് തടഞ്ഞു വച്ചെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. ജയ്പൂരിൽ സ്കൂളിലെ പീഡനം കാരണം ആത്മഹത്യ ചെയ്ത അമൈറയുടെ കുടുംബവും ചടങ്ങിൽ സംസാരിച്ചു. ഇന്ന് കുട്ടിയുടെ പിറന്നാൾ ആണെന്ന് കുടുംബം ഓർമ്മിപ്പിച്ചു. നീതിക്ക് വേണ്ടി തെരുവിൽ ഇറങ്ങേണ്ട ഗതികേട് ആണ് രാജ്യത്ത് എന്ന് കുടുംബം ചൂണ്ടിക്കാട്ടി. ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി. ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അല്ലാതെ മറ്റൊരു സമവായത്തിനും സി ജെ പി ഇല്ലെന്നും അദ്ദേഹം വിവരിച്ചു.
ഒൻപതാം നാൾ സമരം ശക്തമാകുന്നു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി ജെ പി കഴിഞ്ഞ ഒൻപത് ദിവസമായി ജന്തർ മന്തിറിൽ സമരം തുടരുകയായിരുന്നു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അടക്കമുള്ളവർ സമര വേദിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ജൂൺ 27 നകം രാജിവെച്ചില്ലെങ്കിൽ 28 മുതൽ നിരാഹാരം തുടങ്ങുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സോനം വാങ്ചുക് എത്തിയതോടെ സമരം കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് സി ജെ പി കണക്ക് കൂട്ടൽ. സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ 'പ്രധാൻ ഗോ ബാക്ക്' എന്ന പേരിൽ സമരം വിപുലമാക്കാനും സി ജെ പി നീക്കമുണ്ട്. സമരത്തിന് ഐക്യദാർഢ്യവുമായി കർഷകരും, ഇടതുപക്ഷ വനിത സംഘടനകളും, വിദ്യാർത്ഥി സംഘടനകളും കഴിഞ്ഞ ദിവസങ്ങളിൽ സമര വേദിയിൽ എത്തിയിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി സഹായധനം നൽകുക എന്ന ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സി ജെ പി സമരം തുടരുന്നത്. പ്രതിഷേധത്തിന് എത്തുന്ന ആളുകൾ എണ്ണം ദിവസേന കുറഞ്ഞു വരുകയാണെങ്കിലും അവധി ദിനമായതിനാൽ ഇന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും കൂടുതയാലി എത്തിയിട്ടുണ്ടെന്നാണ് സി ജെ പി ചൂണ്ടികാട്ടുന്നത്. അതേസമയം സി ജെ പി സമരത്തിന് സോനം വാങ് ചുക്ക് നൽകുന്ന പിന്തുണയ്ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ലഡാക്കിലെ മുൻകാല സമരങ്ങൾ സംഘർഷത്തിൽ കലാശിച്ച പശ്ചാത്തലത്തിൽ, വാങ്ചുക്കിന്‍റെ ദില്ലിയിലെ ഇടപെടൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് ചിലർ ആരോപിക്കുന്നത്. ഒപ്പം സി ജെ പിയുടെ പ്രതിഷേധങ്ങൾ കേവലം രാഷ്ട്രീയ നാടകങ്ങൾ ആണെന്നും സാമൂഹിക പ്രവർത്തകനായ വാങ്ചുക്ക് ഇത്തരം രാഷ്ട്രീയ കോമാളിത്തങ്ങളുടെ ഭാഗമാകരുത് എന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏതായാലും മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉറപ്പിക്കുന്ന സി ജെ പി വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം.
إرسال تعليق