അടിയന്തര പ്രമേയത്തിന് പിന്നാലെ വൻ പ്രക്ഷോഭത്തിലേക്ക് കടക്കാൻ സിപിഎം; 'കേന്ദ്രത്തിന്‍റെ കൊള്ളയ്ക്ക് സതീശൻ സർക്കാർ കൂട്ടുനിൽക്കുന്നു'
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഎം വൻ പ്രക്ഷോഭത്തിലേക്ക്. ജില്ലാ - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ നാലിന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. രാജ്യത്ത് ഇന്ധനവില വലിയ തോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏഴര രൂപയുടെ വർദ്ധനവാണ് ഈ ദിവസങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര ഗവൺമെന്റ് ഇന്ധന നികുതി കുത്തനെ ഉയർത്തിയത്. അന്താരാഷ്ട്ര വില കുറഞ്ഞത് ജനങ്ങൾക്ക് ഗുണകരമാകരുത് എന്ന ക്രൂരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇപ്പോൾ ക്രൂഡ് ഓയിൽ വില വർദ്ധനവിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേൽ അധിക ഭാരം ഏൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർദ്ധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോൺമെന്റ് ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ.
എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം വില വർദ്ധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 2018-ൽ ഇത്തരത്തിൽ ഇന്ധനവില കൂടിയപ്പോൾ ലഭിച്ച അധിക വരുമാനം എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിരുന്നു എന്ന കാര്യവും ജനങ്ങൾ ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജനങ്ങളെ ബാധിക്കുന്ന ഇന്ധനവുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ ഇപ്പോൾ പുറത്തിറക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരക്ഷരം പറയാൻ ഈ സർക്കാർ തയ്യാറായില്ല. കേന്ദ്ര നയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ കൂട്ടിച്ചേർത്തു. ഇന്ന് വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ട് വന്നിരുന്നു.
إرسال تعليق